കൊച്ചി: കാപ്പ കേസിൽ ജയിലിൽ കഴിയുന്ന വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ. സുഗതന് ജയിലിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്യാനാകുമോയെന്ന് സർക്കാരിനോട് ആരാഞ്ഞ് ഹൈക്കോടതി. വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന സുഗതന്റെ ഹരജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം.
ഇക്കാര്യത്തിൽ തിങ്കളാഴ്ച നിലപാട് അറിയിക്കാൻ സർക്കാരിന് ജസ്റ്റിസ് പിവി. കുഞ്ഞികൃഷ്ണൻ നിർദ്ദേശം നൽകി. ചട്ടവിരുദ്ധമായി പല ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിന് സുഗതൻ അടക്കമുള്ള തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കിയിരുന്നു.
എന്നാൽ, സുഗതനൊഴികെ മറ്റു കൗൺസിലർമാർ ഇതിനകം സത്യപ്രതിജ്ഞ ചെയ്ത് കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് സുഗതൻ ഹൈക്കോടതിയെ സമീപിച്ചത്. നാലാഴ്ചയ്ക്കകം സത്യപ്രതിജ്ഞ ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കണം, കാപ്പ ചുമത്തി ജയിലിൽ അടച്ചത് കാരണം സത്യപ്രതിജ്ഞ ചെയ്യാനാകുന്നില്ല, സത്യപ്രതിജ്ഞ ചെയ്യുന്നതിൽ നിന്ന് സർക്കാർ തടയുന്നുവെന്നും സുഗതൻ കോടതിയിൽ വാദിച്ചു.
കാപ്പാ കേസ് ചുമത്തപ്പെട്ടാണ് സുഗതൻ ജയിലിൽ കഴിയുന്നതെന്നും, അതിനാൽ വിട്ടയക്കരുതെന്നുമാണ് സർക്കാർ വാദം. നേരത്തെ നെടുമങ്ങാട് കോടതി സുഗതന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജൂലൈ 13ന് വൈകീട്ട് അഞ്ചുമുതൽ 14ന് രാത്രി ഒമ്പതുവരെയാണ് ജാമ്യം അനുവദിച്ചത്. എന്നാൽ, ജാമ്യം അനുവദിച്ചെങ്കിലും കാപ്പാ കേസിൽ ഹൈക്കോടതി അനുമതി നൽകിയാൽ മാത്രമേ സുഗതന് സത്യപ്രതിജ്ഞാ ചടങ്ങിനെത്താൻ കഴിയൂ.
Most Read| ഷെയ്ഖ് ഹസീന ബംഗ്ളാദേശിലേക്ക് മടങ്ങുന്നു; ഡിസംബറിൽ കീഴടങ്ങുമെന്ന് റിപ്പോർട്




































