ന്യൂഡെൽഹി: ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാരക്കരാർ ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു. 2030ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 12,000 കോടി ഡോളറാക്കി (10.36 ലക്ഷം കോടി രൂപ) വർധിപ്പിക്കുന്നത് ലക്ഷ്യമിടുന്നതാണ് കരാർ.
ബ്രിട്ടനിൽ നിന്ന് വരുന്ന സ്കോച്ച് വിസ്കി, ജിൻ, ചോക്ളേറ്റ്, ബിസ്ക്കറ്റ്, കാറുകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവയ്ക്ക് ഇനി ഇന്ത്യയിൽ വില കുറയും. മറുവശത്ത് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് തീരുവയില്ലാതെ ബ്രിട്ടീഷ് വിപണിയിൽ പ്രവേശിക്കാനും സാധിക്കും.
നീണ്ട ചർച്ചകൾക്ക് ശേഷം 2025 ജൂലൈ 24നാണ് ഇന്ത്യയും യുകെയും ചരിത്രപരമായ കരാറിൽ ഒപ്പുവെച്ചത്. യുകെയിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും യുകെ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമറുടെയും സാന്നിധ്യത്തിൽ കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ, ബ്രിട്ടീഷ് വാണിജ്യ മന്ത്രി ജൊനാഥൻ റെയ്നോൾഡ്സ് എന്നിവരാണ് കരാറിൽ ഒപ്പുവച്ചത്.
കരാർ നിലവിൽ വന്നതോടെ ബ്രിട്ടീഷ് സ്കോച്ച് വിസ്കിയുടെയും ജിന്നിനെയും ഇറക്കുമതി തീരുവ 150 ശതമാനത്തിൽ നിന്ന് 75 ശതമാനമായി ഒറ്റയടിക്ക് കുറയും. പത്തുവർഷം കൊണ്ട് ഇത് 40 ശതമാനമായി കുറയാനാണ് സാധ്യത. നിലവിൽ 110 ശതമാനം വരെ ഇറക്കുമതി തീരുവയുള്ള ബ്രിട്ടീഷ് കാറുകളുടെ നികുതി 10 വർഷം കൊണ്ട് 10 ശതമാനമായി കുറയും.
ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിക്കാർക്ക് ബ്രിട്ടീഷ് വിപണിയിൽ വൻ കുതിപ്പുണ്ടാക്കാൻ കരാർ സഹായിക്കും. 99 ശതമാനം ഇന്ത്യൻ ഉൽപ്പന്നങ്ങളും നികുതിയില്ലാതെ ബ്രിട്ടനിലേക്ക് കയറ്റുമതി ചെയ്യാം. തുണിത്തരങ്ങൾ, സമുദ്രോൽപ്പന്നങ്ങൾ, തുകൽ, ചെരുപ്പുകൾ, കായിക ഉപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, ആഭരണങ്ങൾ എന്നീ മേഖലകൾക്കാണ് ഇതിന്റെ ഏറ്റവും വലിയ ഗുണം ലഭിക്കുക.
ഇതിന് പുറമെ എൻജിനിയറിങ് ഉൽപ്പന്നങ്ങൾ, വാഹനങ്ങളുടെ പാർട്സുകൾ, ഓർഗാനിക് കെമിക്കലുകൾ എന്നിവയ്ക്കും വലിയ വിപണി ലഭിക്കും. യുകെയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പ്രൊഫണലുകൾക്ക് (പ്രത്യേകിച്ച് ഐടി മേഖലയിൽ ഉള്ളവർക്ക്) ഈ കരാർ വലിയ ആശ്വാസമാണ്.
ഡബിൾ കോൺട്രിബ്യൂഷൻ കൺവെൻഷൻ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ ബ്രിട്ടനിലെ സോഷ്യൽ സെക്യൂരിറ്റിയിലേക്ക് ഇന്ത്യക്കാർ നൽകിയിരുന്ന തുക ഒഴിവാകും. പകരം ഈ തുക ഇന്ത്യയിലെ പിഎഫ് അക്കൗണ്ടിലേക്ക് മാറ്റാം. ഇതിലൂടെ പ്രവാസികൾക്ക് തങ്ങളുടെ ശമ്പളത്തിന്റെ 25 ശതമാനത്തോളം ലാഭിക്കാനും, അതിന് പലിശ നേടാനും സാധിക്കും.
ഇന്ത്യൻ കർഷകരെയും ചെറുകിട ക്ഷീര കർഷകരെയും ബാധിക്കാതിരിക്കാൻ പാൽ ഉൽപ്പന്നങ്ങൾ, ആപ്പിൾ, ചീഫ്, പഞ്ചസാര, അരി, പോർക്ക്, കോഴിയിറച്ചി, മുട്ട തുടങ്ങിയവയെ ഇറക്കുമതി തീരുവ ഇളവുകളിൽ നിന്ന് പൂർണമായും ഒഴിവാക്കിയിട്ടുണ്ട്.
Most Read| ‘ഇന്ത്യൻ ഡോറി’; അറബിക്കടലിൽ പുതിയ ഇനം മൽസ്യത്തെ കണ്ടെത്തി





































