തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി. പീക്ക് സമയങ്ങളിൽ ഭാഗികമായി വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്നാണ് അറിയിപ്പ്. ഇന്നത്തെ വൈദ്യുതി ഉപഭോഗം മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 400 മുതൽ 500 മെഗാവാട്ട് വരെ വർധിക്കാൻ സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു.
ആവശ്യമായ അളവിൽ വൈദ്യുതി പവർ എക്‌സ്‌ചേഞ്ചിൽ നിന്ന് ലഭ്യമാകാത്ത സാഹചര്യത്തിലാണ് നിയന്ത്രണം വേണ്ടിവരുന്നതെന്നും കെഎസ്ഇബി വ്യക്‌തമാക്കി. സംസ്‌ഥാനത്ത് നിലവിൽ തുടരുന്ന വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാകാത്ത അടിയന്തര സാഹചര്യമാണെന്നാണ് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് കഴിഞ്ഞദിവസം പറഞ്ഞത്.
ജനങ്ങൾ സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. മുൻ വർഷത്തേക്കാൾ വൈദ്യുതി ഉപയോഗം കൂടി. എന്നാൽ, ആഭ്യന്തര ഉൽപ്പാദനം കുറയുകയും ചെയ്‌തു. വൈദ്യുതി വിപണിയിലെ വിലക്കയറ്റവും വേനൽക്കാലത്ത് മറ്റു സംസ്‌ഥാനങ്ങളിൽ നിന്ന് കടം വാങ്ങിയ 530 മെഗാവാട്ട് മടക്കി നൽകേണ്ടി വരുന്നതും പ്രതിസന്ധി കൂട്ടി.
യുഡിഎഫ് കാലത്തെ ദീർഘകാല കരാർ റദ്ദാക്കിയതും സോളാർ വൈദ്യുതി രാത്രിയിലേക്ക് സംഭരിക്കാനാകാത്തതും പ്രതിസന്ധിക്ക് കാരണമായി. എസി, അലങ്കാര വിളക്കുകൾ തുടങ്ങിയവയുടെ ഉപയോഗം നിയന്ത്രിക്കണമെന്നും പ്രതിസന്ധി പരിഹരിക്കാൻ എല്ലാ ഇടപെടലും സർക്കാർ നടത്തുമെന്നും മന്ത്രി വാർത്താക്കുറിപ്പിൽ പറഞ്ഞു.
Most Read| ഇന്ത്യൻ നാവികരെ ഹോർമുസ് വഴിയുള്ള കപ്പലുകളിൽ നിയോഗിക്കരുത്; കേന്ദ്രം




































