ന്യൂഡെൽഹി: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. പരീക്ഷയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ആവർത്തിച്ചുള്ള തെറ്റുകൾ അവസാനിപ്പിക്കണം. വിഷയം ഈ രീതിയിൽ മുന്നോട്ടുകൊണ്ടുപോകാൻ അനുവദിക്കില്ല. പരീക്ഷാ വിവാദങ്ങളെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും കോടതി വ്യക്‌തമാക്കി.
ജസ്‌റ്റിസുമാരായ പിഎസ് നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിച്ചത്. പരീക്ഷാ വിവാദങ്ങളിൽ പിഴവുകൾ തടയണമെന്ന് ആവശ്യപ്പെട്ട കോടതി, ഈ വിഷയത്തെ വളരെ സൂക്ഷ്‌മമായി നിരീക്ഷിക്കുമെന്നും അറിയിച്ചു. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പിഴവുകളുടെ പരമ്പരയ്‌ക്ക് അറുതി വരുത്തണമെന്ന് കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
പരീക്ഷാ നടപടികൾ പൂർണമായും സുതാര്യവും വ്യവസ്‌ഥാപിതമാണെന്നും ഉറപ്പുവരുത്തുമെന്ന് ബെഞ്ച് വ്യക്‌തമാക്കി. പരീക്ഷകൾ പൂർണമായും കമ്പ്യൂട്ടർ അധിഷ്‌ഠിതമാക്കുന്നതിനെ കുറിച്ച് കോടതി കേന്ദ്രത്തോട് വിശദീകരണം തേടി. കമ്പ്യൂട്ടർ അധിഷ്‌ഠിത രീതിയിലേക്ക് മാറുമ്പോൾ ഡാറ്റാ സുരക്ഷ എങ്ങനെ ഉറപ്പാക്കും എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചു.
വിദ്യാർഥികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി സർക്കാർ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. വിഷയത്തിൽ സമഗ്രമായ കാഴ്‌ചപ്പാട് കോടതിക്ക് മുന്നിൽ അവതരിപ്പിക്കാൻ കൂടുതൽ സമയം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് കേസ് ജൂലൈ 27ലേക്ക് മാറ്റി.
അതേസമയം, പരീക്ഷാ ചോദ്യങ്ങൾ ചോരുന്നത് തടയാൻ കൂടുതൽ കർക്കശമായ നിയമഭേദഗതിക്ക് കേന്ദ്രം ഒരുങ്ങുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇന്ന് ചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ ഇതുസംബന്ധിച്ച ഭേദഗതികൾ ചർച്ച ചെയ്തേക്കും. സംഘടിതമായി പരീക്ഷാ തട്ടിപ്പുകൾ നടത്തുന്നവർക്കെതിരെ നിലവിലുള്ളതിനേക്കാൾ കടുത്ത ശിക്ഷയും വൻതുക പിഴയും ഏർപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
Most Read| ഇന്ത്യയടക്കം 60 രാജ്യങ്ങൾക്ക് പുതിയ താരിഫ് ഏർപ്പെടുത്തി ട്രംപ്



































