തിരുവനന്തപുരം: ശബരിമലയിൽ നടപ്പാക്കിയിരുന്ന ‘പുണ്യം പൂങ്കാവനം’ പദ്ധതിയുടെ പണപ്പിരിവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ എഡിജിപി പി. വിജയന് ക്ളീൻ ചിറ്റ്. പദ്ധതിയുടെ നടത്തിപ്പിൽ അദ്ദേഹത്തിന് വീഴ്‌ച സംഭവിച്ചിട്ടില്ലെന്ന കണ്ടെത്തലുകളെ തുടർന്നാണ് നടപടി.
പി. വിജയന് നൽകിയ ക്ളീൻ ചിറ്റ് ഉത്തരവിൽ പദ്ധതി തുടരാനും അനുമതി നൽകി. ശബരിമലയിൽ പോലീസ് നടപ്പാക്കിയിരുന്ന പദ്ധതിയാണ് പുണ്യം പൂങ്കാവനം. ശബരിമലയിലെ മാലിന്യ മാറ്റവും ഭക്‌തജനങ്ങൾക്ക് നൽകുന്ന സേവനവും ഉൾപ്പടെയാണ് പദ്ധതിയുടെ ഭാഗമായിരുന്നത്.
പോലീസിന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ പദ്ധതി മാതൃകാപരമായ ഒരു സാമൂഹിക കൂട്ടായ്‌മയാണെന്ന് വിലയിരുത്തിയാണ് പുണ്യം പൂങ്കാവനം തുടരുന്നതിൽ അനുമതി നൽകിക്കൊണ്ട് സർക്കാർ ഔദ്യോഗിക ഉത്തരവിറക്കിയത്. സ്‌പെഷ്യൽ കമ്മീഷണർ പിജെ മജുംദാർ സമർപ്പിച്ച റിപ്പോർട് പരിഗണിച്ചാണ് സർക്കാർ ഈ തീരുമാനമെടുത്തത്.
പദ്ധതിയുടെ മറവിൽ ക്രമക്കേട് നടക്കുന്നുണ്ടെന്ന പരാതിയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മുൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ അജിത് കുമാറിനോട് അന്വേഷണ റിപ്പോർട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പി വിജയനെതിരെ ഗുരുതര ആരോപണങ്ങളടങ്ങുന്ന റിപ്പോർട്ടാണ് ഹൈക്കോടതിയിൽ അജിത് കുമാർ നൽകിയത്.
ശബരിമല ചീഫ് കോഡിനേറ്ററായിരുന്ന അജിത് കുമാർ പദ്ധതി നിർത്തുകയും ചെയ്‌തിരുന്നു. തുടർന്ന് ഉന്നത ഉദ്യോഗസ്‌ഥനെതിരായ ആരോപണങ്ങളിൽ സർക്കാർ തലത്തിൽ അന്വേഷണം നടത്താൻ ഹൈക്കോടതി നിർദ്ദേശിക്കുകയായിരുന്നു. ഇതേത്തുടർന്ന് ആഭ്യന്തര സെക്രട്ടറി നടത്തിയ അന്വേഷണത്തിലാണ് പി. വിജയന് ക്ളീൻ ചിറ്റ് നൽകി ഉത്തരവിറക്കിയത്.
വരുന്ന മണ്ഡലകാലത്ത് പദ്ധതി വീണ്ടും തുടങ്ങാനാണ് നിർദ്ദേശം. ക്രമസമാധാന ചുമതലയുള്ള എഡിജിപി എന്ന നിലയിൽ പി. വിജയനാണ് ശബരിമലയുടെ ചുമതല. റിപ്പോർട് നൽകിയ അജിത് കുമാർ സസ്‌പെൻഷനിൽ ആയപ്പോഴാണ് മുൻപ് നൽകിയ റിപ്പോർട് സർക്കാർ തള്ളുകയും വിജയന് ക്ളീൻ ചിറ്റ് നൽകുകയും ചെയ്‌തത്.
ഐപിഎസ് ഉദ്യോഗസ്‌ഥർക്കിടയിലെ ചേരിപ്പോരിനിടെയാണ് വിജയനെതിരായ അജിത് കുമാറിന്റെ റിപ്പോർട്. കരിപ്പൂർ കേന്ദ്രീകരിച്ചുള്ള സ്വർണക്കൊള്ളയിൽ വിജയന് പങ്കുണ്ടെന്ന് അജിത് കുമാർ ഡിജിപിക്ക് മൊഴി നൽകിയിരുന്നു. ഇത് കളവാണെന്ന് തെളിഞ്ഞതോടെ അജിത്തിനെതിരെ നടപടി ആവശ്യപ്പെട്ട് വിജയൻ നൽകിയ പരാതി സർക്കാരിന് മുന്നിലുണ്ട്.
Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം





































