ന്യൂഡെൽഹി: സെൻസസ് പ്രക്രിയയുടെ രണ്ടാംഘട്ട വിവര ശേഖരണത്തിനുള്ള ഔദ്യോഗിക ചോദ്യാവലി കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തു. ആകെ 40 ചോദ്യങ്ങളാണ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ചരിത്രത്തിൽ ആദ്യമായി ജാതി വിവരങ്ങൾ കൂടി ശേഖരിക്കും.
ജാതി, കോവിഡ് വാക്സിനേഷൻ സ്വീകരിച്ച സ്ഥലം തുടങ്ങിയവ ഉൾപ്പെട്ടതാണ് ചോദ്യങ്ങൾ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് കമ്മിറ്റി ഓൺ പൊളിറ്റിക്കൽ അഫയേഴ്സ് ആണ് ജാതി വിവരങ്ങൾ സെൻസസിൽ ഉൾപ്പെടുത്താൻ തീരുമാനമെടുത്തത്. 1948ലെ സെൻസസ് ആക്ട് അനുസരിച്ച് വിജ്ഞാപനം ചെയ്ത ചോദ്യാവലിയിൽ വ്യക്തിഗതവും സാമൂഹികവുമായ വിവരങ്ങളാണ് ചോദിക്കുന്നത്.
ശൈത്യ മേഖലകളിൽ സെപ്തംബർ ഒന്നാംതീയതി മുതലാണ് രണ്ടാംഘട്ട വിവരശേഖരണം ആരംഭിക്കുന്നത്. ലഡാക്കിലെയും ജമ്മു കശ്മീരിലെയും ഹിമാചൽ പ്രാദേശിലെയും ഉത്തരാഖണ്ഡിലെയും ശൈത്യമേഖലകളിൽ ജനസംഖ്യാ കണക്കെടുപ്പ് സെപ്തംബർ ഒന്ന് മുതൽ 30ആം തീയതി വരെ നടക്കുമെന്ന് രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ പുറത്തിറക്കിയ വിജ്ഞാപനം വ്യക്തമാക്കുന്നു.
ഓഗസ്റ്റ് 17-31 വരെ സെൽഫ് എന്യുമറേഷനുള്ള അവസരമുണ്ട്. രാജ്യത്തെ മറ്റിടങ്ങളിലെ പോപ്പുലേഷൻ എന്യുമറേഷൻ അടുത്തവർഷമാണ് ആരംഭിക്കുക. സെൻസസിന്റെ ഭാഗമായി ഇതാദ്യമായാണ് ജാതി വിവരങ്ങൾ ആരായുന്നത്. വൈവാഹിക നില, വിവാഹസമയത്തെ പ്രായം, പങ്കാളിയുടെ പേര്, പൗരത്വം, മതം, എസ്സി/ എസ്ടി വിഭാഗത്തിൽപ്പെടുന്നവരാണോ, ജാതി, ഭിന്നശേഷിയുള്ള ആളാണോ, മാതൃഭാഷ ഏതാണ്, അറിയാവുന്ന മറ്റു ഭാഷകൾ തുടങ്ങിയ വ്യക്തിഗത വിവരങ്ങളും ആരായും.
വിദ്യാഭ്യാസ യോഗ്യത, കോവിഡ് വാക്സിനേഷൻ വിവരങ്ങൾ, ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങൾ, മൊബൈൽ നമ്പർ, ആധാർ നമ്പർ, വോട്ടർ ഐഡി നമ്പർ, പാസ്പോർട്ട് നമ്പർ, ഡ്രൈവിങ് ലൈസൻസ് ഉണ്ടോ എന്നിവയും ചോദിക്കും. സെൻസസിന്റെ ആദ്യഘട്ടമായ വീടുകളുടെ പട്ടിക തയ്യാറാക്കലും ഭവന സെൻസസും ഏപ്രിൽ 16ന് ആരംഭിച്ചിരുന്നു. ഇത് സെപ്തംബർ 30 വരെ തുടരും.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം




































