കാഠ്‌മണ്ഡു: നേപ്പാളിൽ വൻ നാശനഷ്‌ടം വിതച്ച ഉരുൾപൊട്ടലിലും മിന്നൽ പ്രളയത്തിലും ഇതുവരെ 160 പേർ മരിച്ചതായി റിപ്പോർട്. 800ഓളം പേരെ കാണാതായതാണ് വിവരം. കാണാതായവരിൽ കൈലാസ മാനസരോവർ യാത്രയ്‌ക്കെത്തിയ 133 ഇന്ത്യൻ തീർഥാടകരും ഉൾപ്പെട്ടിട്ടുണ്ട്. ഇതുവരെ 157 മൃതദേഹങ്ങൾ നേപ്പാൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ഇന്നലെ രാവിലെ 8.37നാണ് കാഠ്‌മണ്ഡുവിന് വടക്ക് നേപ്പാൾ- ചൈന അതിർത്തി മേഖലയിൽ മിന്നൽ പ്രളയം ഉണ്ടായത്. ടിബറ്റ് ഭാഗത്തുനിന്നും ഉത്‌ഭവിച്ച് ഒഴുകുന്ന ഭോട്ടെ കോശി നദിയിൽ അപ്രതീക്ഷിതമായി വൻ ജലപ്രവാഹമുണ്ടാവുകയും പുഴ കരകവിഞ്ഞ് ഒഴുകുകയുമായിരുന്നു. ടിബറ്റുമാറ്റി അതിർത്തി പങ്കിടുന്ന രസുവ, ധാഡിങ്, നുവാകോട്ട് എന്നീ ജില്ലകളെ ആണ് ദുരന്തം ഏറ്റവും കൂടുതൽ ബാധിച്ചത്.
പല ഉൾനാടൻ ഗ്രാമങ്ങളും പൂർണമായും തുടച്ചുനീക്കപ്പെട്ട നിലയിലാണ്. ചെളിയിലും അവശിഷ്‌ടങ്ങൾക്കിടയിലും പെട്ടുപോയവരെ കണ്ടെത്താനായി രക്ഷാപ്രവർത്തകർ രാത്രി വൈകിയും തിരച്ചിൽ നടത്തി. ദുരന്തബാധിത പ്രദേശങ്ങളിൽ മുഴുവൻ സർക്കാർ സംവിധാനങ്ങളും വിന്യസിച്ചതായി നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ അറിയിച്ചു.
കൂടുതൽ അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും കുടുംബങ്ങളെ അടിയന്തരമായി സുരക്ഷിത സ്‌ഥാനങ്ങളിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് അധികൃതർ. ദുരന്തം നടന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും 341 വിദേശികളടക്കം 403 വിനോദ സഞ്ചാരികളെ കുറിച്ച് യാതൊരുവിധ വിവരവുമില്ലെന്ന് നേപ്പാൾ ടൂറിസം മന്ത്രാലയം അറിയിച്ചു.
കാണാതായ വിദേശികളിൽ ഇന്ത്യക്കാരെ കൂടാതെ ഓസ്‌ട്രേലിയ, ബ്രിട്ടൻ, മലേഷ്യ, നെതർലാൻഡ്‌സ്, പോർച്ചുഗൽ, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, യുഎസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും ഉൾപ്പെടുന്നുണ്ട്.
ഇന്ത്യയിലും ജാഗ്രത, നേപ്പാളിന് സഹായം
നേപ്പാളിലെ മിന്നൽ പ്രളയത്തിന്റെ പശ്‌ചാത്തലത്തിൽ ഇന്ത്യ-നേപ്പാൾ അതിർത്തി പ്രദേശങ്ങൾ ഇന്ത്യ സുരക്ഷാ മുൻകരുതലുകൾ ശക്‌തമാക്കി. പ്രളയജലം താഴേക്ക് ഒഴുകിയെത്തുന്നത് അതിർത്തി പങ്കിടുന്ന രണ്ട് പ്രധാന സംസ്‌ഥാനങ്ങളായ ബിഹാറിനെയും ഉത്തർപ്രദേശിനെയും കാര്യമായി ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്നതിനാൽ ഇരു സംസ്‌ഥാനങ്ങളിലെയും നദീതീര പ്രദേശങ്ങൾ ഉദ്യോഗസ്‌ഥർ സൂക്ഷ്‌മമായി നിരീക്ഷിച്ചു വരികയാണ്.
മുൻകരുതൽ നടപടികളുടെ ഭാഗമായി ബിഹാറിലെ ഗണ്ഡക് നദീതീരത്ത് നിന്ന് രാത്രി ആളുകളെ ഒഴിപ്പിച്ചു. ദുരന്തത്തിന് പിന്നാലെ നേപ്പാളിന് കൈത്താങ്ങായും ഇന്ത്യ രംഗത്തെത്തി. ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക ട്രാൻസ്‌പോർട്ട് വിമാനത്തിൽ 10 ടൺ ദുരന്തനിവാരണ സാമഗ്രികളും അടിയന്തര മെഡിക്കൽ മരുന്നുകളും നേപ്പാളിലേക്ക് അയച്ചു.
ഇന്ത്യ നൽകിയ അടിയന്തര മാനുഷിക സഹായത്തിനും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഗാധമായ അനുശോചന സന്ദേശത്തിനും ബാലേന്ദ്ര ഷാ നന്ദി രേഖപ്പെടുത്തി. പ്രതിസന്ധി ഘട്ടത്തിലെ ഇന്ത്യയുടെ ഐക്യദാർഢ്യം ഇരുരാജ്യങ്ങളും തമ്മിലുള്ള ദൃഢമായ സൗഹൃദത്തിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം



































