ന്യൂഡെൽഹി: പിഎം ശ്രീ പദ്ധതിയിൽ കേന്ദ്ര സർക്കാരുമായി വീണ്ടും ചർച്ച നടത്താൻ കേരളം. മന്ത്രി തലത്തിലും ഉദ്യോഗസ്ഥ തലത്തിലും ചർച്ച നടത്താനാണ് കേരളം തയ്യാറെടുക്കുന്നത്. മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട് ലഭിച്ചാൽ ഉടൻ ചർച്ച സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച സംസ്ഥാന സർക്കാരിന്റെ ആശങ്കകൾ അറിയിക്കുന്നതിനോടൊപ്പം പ്രധാന വിഷയങ്ങളിൽ കേന്ദ്രത്തിന്റെ അഭിപ്രായം തേടാനാണ് കേരളത്തിന്റെ തീരുമാനം. പാഠ്യപദ്ധതിയിൽ ഇടപെടരുതെന്നും സ്കൂളുകൾ തിരഞ്ഞെടുക്കാനുള്ള അവകാശം സംസ്ഥാനത്തിന് വേണമെന്നുമുള്ള ആവശ്യം അംഗീകരിച്ചാൽ മാത്രം പദ്ധതിയുമായി മുന്നോട്ട് പോകാമെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്.
കേന്ദ്രത്തിൽ നിന്ന് ഫണ്ട് ഉറപ്പാക്കണമെങ്കിൽ പദ്ധതി നടപ്പാക്കണമെന്ന നിലപാടാണ് മുഖ്യമന്ത്രി മുന്നോട്ടുവെച്ചിട്ടുള്ളത്. പദ്ധതിയിൽ ഒപ്പിടുന്നതിൽ വ്യക്തത തേടി നേരത്തെ സംസ്ഥാനത്തിന് കേന്ദ്രവും കത്തയച്ചിരുന്നു. എന്നാൽ, ഒരുവിഭാഗം കോൺഗ്രസ് നേതാക്കൾ പദ്ധതിയുമായി മുന്നോട്ട് പോകുന്നതിനെ ശക്തമായി എതിർക്കുന്നുണ്ട്.
പ്രതിപക്ഷത്ത് ഇരുന്നപ്പോൾ ശക്തമായി എതിർത്ത പദ്ധതി, ഭരണത്തിലേറിയപ്പോൾ നടപ്പാക്കുന്നത് ശരിയല്ലെന്നും പിഎം ശ്രീ വിദ്യാഭ്യാസ മേഖലയിലേക്ക് കടന്നുകയറാനുള്ള ആർഎസ്എസ് അജണ്ടയാണെന്നുമാണ് നേതാക്കളുടെ വാദം. എന്നാൽ, കോൺഗ്രസ് ഭരിക്കുന്ന കർണാടക, തെലങ്കാന, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പദ്ധതി നടപ്പാക്കിയത് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷത്തിന്റെ നീക്കം. അതേസമയം, ഡെൽഹിയിൽ ഇന്ന് രാഹുൽ ഗാന്ധിയുമായി മുഖ്യമന്ത്രി വിഡി സതീശൻ നടത്തിയ കൂടിക്കാഴ്ചയിൽ വിഷയം ചർച്ചയായില്ല.
Most Read| ഹോർമുസിൽ പുതിയ നീക്കവുമായി ഇറാൻ; എക്സ്ക്ളൂഷൻ സോൺ ഏർപ്പെടുത്തും



































