തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി അറിയിപ്പ്. വൈകീട്ട് 6.30നും അർധരാത്രി 12.30നുമിടയിൽ ആയിരിക്കും നിയന്ത്രണം. സംസ്ഥാനത്ത് വർധിച്ചുവരുന്ന വൈദ്യുതി ഉപഭോഗവും പുറത്തുനിന്നുള്ള വൈദ്യുതി ലഭ്യതയിലുണ്ടായ കുറവുമാണ് അപ്രതീക്ഷിതമായ പ്രതിസന്ധിക്ക് കാരണമായത്.
800 മുതൽ 900 മെഗാവാട്ട് വരെ ഉപഭോഗം വർധിക്കാൻ സാധ്യതയുണ്ട്. സംസ്ഥാനത്ത് ചൂട് കൂടിയതോടെയാണ് വൈദ്യുതി ഉപഭോഗവും കൂടിയത്. മഴ കാരണം കൽക്കരി ഇല്ലാത്തതിനാൽ ഉത്തരേന്ത്യയിൽ വൈദ്യുതോൽപ്പാദനം കുറഞ്ഞു. കെഎസ്ഇബിക്ക് പീക്ക് സമയത്തേക്ക് പറഞ്ഞുറപ്പിച്ച ഹ്രസ്വകാല കരാറുമില്ല.
പവർ എക്സ്ചേഞ്ചുകളിൽ നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭിക്കാത്ത സാഹചര്യത്തിലാണ് അടിയന്തരമായി ഈ നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നത്. സാധാരണയായി വൈകുന്നേരങ്ങളിലെ അധിക ആവശ്യം നേരിടാൻ സംസ്ഥാനം പകൽ എക്സ്ചേഞ്ചുകളെയാണ് ആശ്രയിക്കാറുള്ളത്. എന്നാൽ, നിലവിൽ അവിടെനിന്നും ആവശ്യാനുസരണം വൈദ്യുതി വാങ്ങാൻ സാധിക്കാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് പീക്ക് സമയങ്ങളിലെ വൈദ്യുതി ഉപയോഗം ക്രമാതീതമായി വർധിച്ചത് നിലവിലെ പ്രതിസന്ധിയുടെ ആക്കം കൂട്ടിയിട്ടുണ്ട്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഈവർഷം 500 മുതൽ 800 മെഗാവാട്ട് വരെയുള്ള അധിക വൈദ്യുതി ഉപയോഗമാണ് പീക്ക് സമയങ്ങളിൽ രേഖപ്പെടുത്തുന്നത്. ചൂട് വർധിച്ചതോടെ എയർ കണ്ടീഷണറുകൾ ഉൾപ്പടെയുള്ള ഉപകരണങ്ങളുടെ ഉപയോഗം കൂടിയതാണ് ഈ റെക്കോർഡ് വർധനവിന് പ്രധാന കാരണം.
Most Read| ഇത് അത്ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ



































