കണ്ണൂർ: ക്ളാസിൽ തലകറങ്ങി വീണ വിദ്യാർഥിയോട് അധ്യാപിക മനുഷ്യത്വരഹിതമായി പെരുമാറിയെന്ന് രക്ഷിതാക്കളുടെ പരാതി. ഇരിട്ടി കുന്നോത്ത് സെന്റ് ജോസഫ് യുപി സ്കൂളിലെ അധ്യാപിക സിസ്റ്റർ ലിൻഡോ ജോസിനെതിരെയാണ് ആരോപണം ഉയർന്നത്.
ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന കുട്ടി ക്ളാസിൽ കുഴഞ്ഞുവീഴുകയും അബോധാവസ്ഥയിൽ ആവുകയും ചെയ്തപ്പോഴാണ് അധ്യാപിക ക്രൂരമായി പെരുമാറിയത്. ‘നീ ഇതുവരെ ചത്തില്ലേ’ എന്ന് ചോദിക്കുകയും, കൂടാതെ കുട്ടിയെ ചവിട്ടിയെന്നും രക്ഷിതാക്കൾ പരാതിയിൽ പറയുന്നു.
അധ്യാപികയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കൾ സ്കൂളിലേക്ക് പ്രതിഷേധവുമായി എത്തി. പോലീസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്. കുട്ടിക്ക് സോഡിയം കുറയുന്ന അവസ്ഥ ഉണ്ടായിരുന്നു. ഇക്കാര്യം സ്കൂൾ അധികൃതർക്ക് കൃത്യമായ വിവരമുണ്ടായിരുന്നു. ആരോപണ വിധേയയായ അധ്യാപിക രണ്ടുദിവസം മുമ്പാണ് സ്കൂളിൽ ജോലിയിൽ പ്രവേശിച്ചത്.
അതേസമയം, കുട്ടിയുടെ ശാരീരികാവസ്ഥയെ കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ലെന്നും സാധാരണ രീതിയിലാണ് ഇടപെട്ടതെന്നുമാണ് അധ്യാപികയുടെ വിശദീകരണം. കുട്ടിയെ മർദ്ദിച്ചിട്ടില്ലെന്നും ശകാരിക്കുക മാത്രമാണ് ചെയ്തതെന്നും വ്യക്തമാക്കിയ അധ്യാപിക, തന്റെ ഭാഗത്തുനിന്ന് ചില വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്ന് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം

































