ന്യൂഡെൽഹി: ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ചൈനീസ് പ്രസിഡണ്ട് ഷി ചിൻപിങ് ഡെൽഹിയിലെത്തി. ഇന്ന് വൈകീട്ട് 5.45ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അദ്ദേഹം കൂടിക്കാഴ്‌ച നടത്തും. ചിൻപിങ്ങിനൊപ്പം 400ഓളം പ്രതിനിധികളും ഇന്ത്യയിലെത്തിയിട്ടുണ്ട്. കേന്ദ്രമന്ത്രി ജിതിൻ പ്രസാദയാണ് ഡെൽഹി വിമാനത്താവളത്തിലെത്തി ഷിയെയും സംഘത്തെയും സ്വീകരിച്ചത്.
ബ്രിക്‌സ് ഉച്ചകോടി ഇന്ന് ആരംഭിക്കാനിരിക്കെ സംയുക്‌ത പ്രസ്‌താവനയിൽ അഭിപ്രായ ഐക്യത്തിലെത്താൻ സാധിച്ചിട്ടില്ലെന്നാണ് സൂചന. പശ്‌ചിമേഷ്യയുമായി ബന്ധപ്പെട്ട വിഷയത്തിലാണ് തർക്കവും ആശയക്കുഴപ്പവും തുടരുന്നത്. ബ്രിക്‌സ് ഷെർപ്പ തലത്തിലെ ചർച്ചകളിലൂടെ ഐക്യമുണ്ടാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് വിദേശകാര്യ മന്ത്രാലയം.
ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡണ്ട് മസൂദ് പെസെഷ്‌കിയാനും ഡെൽഹിയിൽ എത്തിയിട്ടുണ്ട്. യുഎഇയെ പ്രതിനിധീകരിച്ച് അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. ഇരു രാജ്യങ്ങളുമായും ഇന്ത്യൻ, റഷ്യ, ബ്രസീൽ, ഈജിപ്‌ത് എന്നിവയുടെ ഷെർപ്പകൾ ചർച്ച തുടരുന്നതായാണ് വിവരം.
ഡെൽഹിയിലെ ഭാരത് മണ്ഡപത്തിൽ രണ്ട് ദിവസങ്ങളിൽ ഉച്ചകോടി നടക്കും. 12ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിവിധ ലോകനേതാക്കൾക്ക് വിരുന്ന് ഒരുക്കിയിട്ടുണ്ട്. സമ്മേളനത്തിനിടെ വിവിധ നേതാക്കളുമായി മോദി ഉഭയകക്ഷി ചർച്ചകളും നടത്തും.
ലോകത്തിന്റെ 36% വിസ്‌തൃതിയും 40% ആഭ്യന്തര ഉൽപ്പാദനവും 49.5% ജനസംഖ്യയും 26% വാണിജ്യവും ബ്രിക്‌സ് രാജ്യങ്ങളിലാണ്. ഇന്ത്യ, ചൈന, റഷ്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക, ഇറാൻ, യുഎഇ, സൗദി അറേബ്യ, ഈജിപ്‌ത്, ഇത്യോപ്യ, ഇന്തൊനീഷ്യ എന്നിവയാണ് അംഗരാജ്യങ്ങൾ.
2023വരെ ഇന്ത്യ, ചൈന, റഷ്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ മാത്രമാണ് കൂട്ടായ്‌മയിൽ ഉണ്ടായിരുന്നത്. 2024ൽ ആണ് സൗദി അറേബ്യ, ഈജിപ്‌ത്, ഇത്യോപ്യ, ഇറാൻ എന്നിവർ ചേർന്നത്. 2025ൽ ഇന്തൊനീഷ്യയും.
Most Read| യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി



































