വെല്ലൂർ: രഹസ്യ സൈനിക വിവരങ്ങൾ വനിതാ സുഹൃത്തിന് പങ്കുവെച്ച കരസേനാ മുൻ ക്യാപ്റ്റൻ തമിഴ്‌നാട്ടിൽ അറസ്‌റ്റിൽ. കരസേനയിൽ നിന്ന് വിരമിച്ച വെല്ലൂർ ജില്ലയിലെ കീഴ്‌വെള്ളം ഗ്രാമത്തിൽ നിന്നുള്ള പി ബാബുവാണ് ശനിയാഴ്‌ച രാത്രി അറസ്‌റ്റിലായത്. കഴിഞ്ഞ ഒരുവർഷമായി വാട്‌സ് ആപ്പ് വഴി സൈനിക വിവരങ്ങൾ യുവതിക്ക് പങ്കുവെക്കാറുണ്ടെന്ന് കണ്ടെത്തി.
ഇന്റലിജൻസ് വിവരത്തെ തുടർന്നാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. യുവതി ആരാണെന്ന് ഇതുവരെ സ്‌ഥിരീകരിച്ചിട്ടില്ലെന്നും വിദേശ പൗരയാണോ എന്ന് അന്വേഷിച്ചു വരികയാണെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു. വിവിധ ആർമി ഡിവിഷനുകളിലായി 28 വർഷം സേവനമനുഷ്‌ഠിച്ചുള്ള ബാബു 2025ലാണ് മിലിട്ടറി എക്യുപ്‌മെന്റ് വിഭാഗത്തിൽ ക്യാപ്റ്റൻ പദവിയിലിരിക്കെ വിരമിച്ചത്.
ഡിആർഡിഒയ്‌ക്ക് വേണ്ടി ഒരു പ്രോജക്‌ടിൽ ജോലി ചെയ്യുന്നുവന്ന് പറഞ്ഞ് വാട്‌സ് ആപ്പ് വഴിയാണ് യുവതി ബാബുവിനെ ബന്ധപ്പെട്ടതെന്നും പ്രോജക്‌ടിനായുള്ള വിവരങ്ങൾ അവർ തേടിയെന്നും വെല്ലൂർ താലൂക്ക് പോലീസ് പറഞ്ഞു. സൈനിക ഉപകരണങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ബാബു പങ്കുവെച്ചതായും പോലീസ് വ്യക്‌തമാക്കി.
സൈനിക പ്രവർത്തനങ്ങളെ കുറിച്ച് മറ്റു ഉദ്യോഗസ്‌ഥരിൽ നിന്ന് ബാബു വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇതിൽ സംശയം തോന്നിയ ഉദ്യോഗസ്‌ഥർ കേന്ദ്ര അന്വേഷണ ഏജൻസികളെ വിവരം അറിയിക്കുകയായിരുന്നു. ശനിയാഴ്‌ച കേന്ദ്ര ഇന്റലിജൻസ് ഉദ്യോഗസ്‌ഥർ ബാബുവിനെ ചോദ്യം ചെയ്യലിനായി കൊണ്ടുപോയി. പിന്നീട് അറസ്‌റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്‌തു. നിലവിൽ വെല്ലൂർ സെൻട്രൽ ജയിലിലാണ്.
Most Read| ഉമ്മൻ ചാണ്ടിക്ക് ശേഷം വിജിലൻസിന് രഹസ്യക്കവചം ശക്‌തമാക്കി വിഡി സതീശൻ

































