വിശാഖപട്ടണം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ‘അർണബ്’ അതിതീവ്ര ചുഴലിക്കാറ്റായി ആന്ധ്രാപ്രദേശ് തീരത്ത് കരതൊട്ടു. ആന്ധ്രാപ്രദേശിലെ ബാപ്പറ്റ്‌ലയ്‌ക്കും വിശാഖപട്ടണത്തിനും ഇടയിൽ, പുതുച്ചേരിയിലെ യാനത്തിന് തെക്കുഭാഗത്തെ തീരത്ത് പുലർച്ചെ 1.20ഓടെയാണ് ചുഴലിക്കാറ്റ് കരതൊട്ടത്.
ഇതോടെ ആന്ധ്ര, ഒഡീഷ തീരങ്ങളിൽ കനത്ത മഴയാണ് പെയ്യുന്നത്. ചുഴലിക്കാറ്റിനെ നേരിടാൻ ആന്ധ്രാപ്രദേശിൽ വിപുലമായ മുന്നൊരുക്കങ്ങളാണ് നടത്തിയത്. നേരത്തെ ആന്ധ്രയിൽ റെഡ് അലർട് പ്രഖ്യാപിച്ചിരുന്നു. സംസ്‌ഥാനത്താകെ 2199 ദുരിതാശ്വാസ ക്യാമ്പുകൾ സജ്‌ജീകരിച്ചിരുന്നു. ഒരുലക്ഷത്തോളം പേരെ ഒഴിപ്പിച്ചു. പ്രായമായവർ, കുട്ടികൾ, ഭിന്നശേഷിക്കാർ, ഗർഭിണികൾ എന്നിവർക്കാണ് ഒഴിപ്പിക്കലിൽ മുൻഗണന നൽകിയത്. 2360 ഗർഭിണികളെ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റി.
തീരദേശ മേഖലകളിൽ ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക നിർദ്ദേശങ്ങൾ പിന്തുടരണമെന്നും കർശന മുന്നറിയിപ്പ് നൽകി. ആന്ധ്രാപ്രദേശിലെ കാക്കിനാഡയിലെ വിവിധ സ്‌ഥലങ്ങളിൽ നിരവധി മരങ്ങൾ കടപുഴകി വീണു. വൈദ്യുതി ലൈനുകൾ തകർന്നു. വിശാഖപട്ടണം ബീച്ച് റോഡിലും സീതമ്മധാരയിലും ഗതാഗതം തടസപ്പെട്ടു.
ചുഴലിക്കാറ്റിനെ തുടർന്ന് 95 ട്രെയിൻ സർവീസുകൾ റെയിൽവേ റദ്ദാക്കി. 14 സർവീസുകളുടെ സമയവും റൂട്ടും മാറ്റി പുനഃസ്‌ഥാപിച്ചു. 44 വിമാന സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. വിശാഖപട്ടണം, വിജയവാഡ, രാജമുദ്രി വിമാനത്താവളങ്ങളിലെ വിമാന സർവീസുകൾ പൂർണമായി നിർത്തിവെച്ചു.
ഒഡീഷയിലെ ആറ് ജില്ലകളിൽ ഇന്നും നാളെയും അവധി നൽകി. താഴ്‌ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന 48,000ത്തോളം പേരെ മാറ്റാനാണ് ഒഡീഷ സർക്കാർ ലക്ഷ്യമിടുന്നത്. രക്ഷാപ്രവർത്തനത്തിന് 24 ഒഡ്രാഫ് സംഘങ്ങളെയും ആറ് എൻഡിആർഎഫ് സംഘങ്ങളെയും നിയോഗിച്ചു. അർണബ് ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ പശ്‌ചിമ ബംഗാളിലും വിവിധ ജില്ലകളിൽ ശക്‌തമായ മഴ വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് പ്രവചനം.
Most Read| ലുല ഡസിൽവ നാലാമതും ബ്രസീൽ പ്രസിഡണ്ട്




































