മുട്ടിൽ: മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ വിനോദയാത്ര വിവാദമായതിനെ തുടർന്ന് പ്രിൻസിപ്പൽ ഷിവി കൃഷ്‌ണനെ സ്‌ഥലം മാറ്റിയ ഉത്തരവിന് സ്‌റ്റേ. സ്‌ഥലമാറ്റ നടപടി ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ ക്ളാസ് ബഹിഷ്‌കരിച്ച് സ്‌കൂൾ കോമ്പൗണ്ടിനുള്ളിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.
കേരള അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലാണ് സ്‌റ്റേ അനുവദിച്ചത്. ഉത്തരവ് വന്നതിന് പിന്നാലെ പ്രിൻസിപ്പൽ ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. ചട്ടങ്ങൾ പാലിച്ചാണ് വിനോദയാത്ര പോയതെന്നാണ് പ്രിൻസിപ്പലിന്റെ വാദം. ഇതുമായി ബന്ധപ്പെട്ട രേഖകളടക്കം ഹാജരാക്കിയതോടെയാണ് സ്‌റ്റേ ചെയ്‌തത്. ഇതോടെ വിദ്യാർഥികൾ നടത്തിവരുന്ന പഠിപ്പ് മുടക്ക് സമരം അവസാനിപ്പിച്ചു.
ഹൈദരാബാദ് പഠനയാത്രക്കിടെ പ്രിൻസിപ്പലും പിടിഎ പ്രസിഡണ്ടും മദ്യപിച്ചെന്ന വിദ്യാർഥികളുടെ വീഡിയോ പുറത്തുവന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതോടെ മീനങ്ങാടി സ്‌കൂളിന് മുന്നിൽ രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് വലിയ പ്രതിഷേധം ഉയർത്തിയിരുന്നു.
പിന്നാലെ പോലീസ് നടത്തിയ വൈദ്യ പരിശോധനയിൽ പ്രിൻസിപ്പൽ ഷിവി കൃഷ്‌ണന്റെ രക്‌തത്തിൽ മദ്യത്തിന്റെ സാന്നിധ്യമില്ലെന്ന് വ്യക്‌തമായി. മദ്യപിച്ചെന്ന് ആരോപിച്ച് രക്ഷിതാക്കളുടെ നേതൃത്വത്തിൽ വിനോദയാത്ര കഴിഞ്ഞ് വന്ന പ്രിൻസിപ്പലിനെ തടഞ്ഞിരുന്നു. പരിശോധനയ്‌ക്ക് പിന്നാലെ, സത്യം തെളിഞ്ഞെന്നും തനിക്കെതിരെ നടന്നത് രാഷ്‌ട്രീയ ഗൂഢാലോചന ആണെന്നുമാണ് ഷിവി കൃഷ്‌ണൻ പറഞ്ഞത്.
പിന്നീട് യാത്രയിൽ ഉണ്ടായിരുന്ന ഒരു വിഭാഗം വിദ്യാർഥികൾ പ്രിൻസിപ്പലിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ, രക്‌തപരിശോധനാ ഫലം പൂർണമായി അംഗീകരിക്കാൻ ഒരുവിഭാഗം ആളുകൾ ഇപ്പോഴും തയ്യാറല്ല. സംഭവം നടന്ന് 12 മണിക്കൂർ വരെ വൈകിയാണ് രക്‌ത സാമ്പിൾ ശേഖരിച്ചതെന്നും അതുകൊണ്ടാണ് ഫലം നെഗറ്റീവ് ആയതെന്നുമാണ് ഇവരുടെ ആരോപണം.
Most Read| പൊട്ടിയൊഴുകുന്ന ‘ഡീസൽ മരം’; തെക്കേ അമേരിക്കയിലെ അത്‌ഭുത പ്രതിഭാസം



































