കോഴിക്കോട്: ബിഎൽഎം (ഭാരത് ലജ്‌ന മൾട്ടി സ്‌റ്റേറ്റ് ഹൗസിങ് കോപ്പറേറ്റീവ് സൊസൈറ്റി) സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം പ്രഖ്യാപിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). സംഭവത്തിൽ ഇഡി നേരത്തെ പ്രാഥമിക അന്വേഷണം പൂർത്തിയാക്കി ഇസിഐആർ രജിസ്‌റ്റർ ചെയ്‌തിരുന്നു.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരവും ഹവാല ഇടപാടുകളിലുമാണ് ഇഡി ഇപ്പോൾ പരിശോധന ശക്‌തമാക്കിയത്. അന്വേഷണത്തിന്റെ ഭാഗമായി ചെന്നൈ കോയമ്പേടിലുള്ള ബിഎൽഎമ്മിന്റെ ആസ്‌ഥാന മന്ദിരം, കോയമ്പത്തൂർ, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലടക്കം പത്തോളം പ്രധാന കേന്ദ്രങ്ങളിൽ ഇഡി റെയ്‌ഡ് നടത്തി.
ഉയർന്ന ലാഭവിഹിതവും പലിശയും വാഗ്‌ദാനം ചെയ്‌ത് നിക്ഷേപകരിൽ നിന്ന് സ്വീകരിച്ച കോടിക്കണക്കിന് രൂപ കാലാവധി പൂർത്തിയായിട്ടും തിരിച്ചുകൊടുക്കാതെ വഞ്ചിച്ചെന്നാണ് കേസ്. ക്രൈം ബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട് അനുസരിച്ച് സൊസൈറ്റിയിലേക്ക് വന്ന നിക്ഷേപ തുക സ്‌ഥാപകൻ ആർ പ്രേംകുമാർ തനിക്കും ബന്ധുക്കൾക്കുമായി വകമാറ്റി ചെലവഴിച്ചുവെന്നാണ് കണ്ടെത്തൽ.
കൂടാതെ, തിരുവനന്തപുരത്തെ ആഡംബര ഹോട്ടൽ, തൃശൂരിലെ രാഗം തിയേറ്റർ, മൂന്നാറിലെ റിസോർട്ടുകൾ തുടങ്ങിയവ വാങ്ങാൻ ഈ പണം ഉപയോഗിച്ചതായും കണ്ടെത്തി. വിവിധ കമ്പനികൾ വഴിയും പണം വകമാറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ബിഎൽഎം ചെയർമാൻ ആർ പ്രേംകുമാറിനെ കോഴിക്കോട് ക്രൈം ബ്രാഞ്ച് സംഘം അറസ്‌റ്റ് ചെയ്‌തിരുന്നു.
എന്നാൽ, അറസ്‌റ്റിൽ നടപടിക്രമം പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ജാമ്യം നൽകിയിരുന്നു. തുടർന്ന് പ്രേംകുമാറിനെ വീണ്ടും അറസ്‌റ്റ് ചെയ്യുന്നതിനായുള്ള നടപടികൾ ക്രൈം ബ്രാഞ്ച് തുടരുന്നതിനിടെയാണ് ഇഡി നടപടികൾ.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം





































