കോഴിക്കോട്: ചെറുവണ്ണൂർ മേൽപ്പാലം നിർമാണത്തിന്റെ ഭാഗമായി ഗർഡർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് രാത്രി പത്തുമണിമുതൽ നവംബർ 12 രാത്രി ഒമ്പത് മണിവരെ ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിരോധിക്കുമെന്ന് കോഴിക്കോട് സിറ്റി പോലീസ് അറിയിച്ചു. ഗതാഗതക്കുരുക്കിനുള്ള സാധ്യതയുള്ളതിനാൽ യാത്രക്കാർ മുൻകരുതലുകൾ സ്വീകരിക്കണം.
വഴിത്തിരിഞ്ഞു പോകേണ്ടത് ഇങ്ങനെ
- ചരക്ക്, കണ്ടെയ്നർ, മൾട്ടി ആക്സിൽ ബസ് തുടങ്ങിയ വാഹനങ്ങൾ നിർബന്ധമായും വെങ്ങളം-രാമനാട്ടുകര എൻഎച്ച് 66 വഴി പോകണം.
- വലിയങ്ങാടി, കോഴിക്കോട് ബീച്ച് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ വെങ്ങാലി, ബീച്ച് റോഡ് വഴി വരേണ്ടതാണ്.
- മലപ്പുറം, കൊണ്ടോട്ടി ഭാഗത്തുനിന്ന് വരുന്ന മുഴുവൻ വാഹനങ്ങളും രാമനാട്ടുകര എയർപോർട്ട് റോഡ് ജങ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് പന്തീരാങ്കാവ്- തൊണ്ടയാട് വഴി കോഴിക്കോട് സിറ്റിയിലേക്ക് പ്രവേശിക്കണം.
- തൃശൂർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി ഭാഗത്ത് നിന്നുവരുന്ന മുഴുവൻ വാഹനങ്ങളും എൻഎച്ച് 66ൽ പന്തീരാങ്കാവ്-തൊണ്ടയാട് വഴി കോഴിക്കോട് സിറ്റിയിലേക്ക് പ്രവേശിക്കണം.
- കടലുണ്ടി, ഫറോക്ക്, ചാലിയം ഭാഗത്ത് നിന്ന് വരുന്ന മുഴുവൻ വാഹനങ്ങളും ഫറോക്ക് ചുങ്കം- ഫാറൂഖ് കോളേജ്-അഴിഞ്ഞിലം ജങ്ഷൻ-പന്തീരാങ്കാവ്- തൊണ്ടയാട് വഴി കോഴിക്കോട് സിറ്റിയിലേക്ക് പ്രവേശിക്കണം.
- കോഴിക്കോട് സിറ്റിയിൽ നിന്ന് മലപ്പുറം, തൃശൂർ ഭാഗത്തേക്ക് പോകേണ്ട മുഴുവൻ വാഹനങ്ങളും തൊണ്ടയാട് എൻഎച്ച് 66 വഴി പോകേണ്ടതാണ്.
- ബേപ്പൂർ, മീഞ്ചന്ത ഭാഗത്തുനിന്ന് ഫറോക്ക് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ അരീക്കാട്-ഒളവണ്ണ-പന്തീരാങ്കാവ് വഴി പോകേണ്ടതാണ്.
- പാളയം ബീച്ച്, റെയിൽവേ ഭാഗത്ത് നിന്ന് ഫറോക്ക് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മാങ്കാവ്-മാത്തോട്ടം-പന്തീരാങ്കാവ് വഴി പോകേണ്ടതാണ്.
Most Read| താരമായി ഭീമൻ കപ്പ, തൂക്കം 35 കിലോയോളം; കൗതുകം





































