വ്യാജ സൗന്ദര്യവർധക വസ്‌തുക്കളുടെ വിൽപ്പന തടയാൻ ആരോഗ്യവകുപ്പ്; ലൈസൻസ് റദ്ദാക്കും

നിയമവിരുദ്ധമായ ഉൽപ്പന്നങ്ങൾ വിൽക്കുന്ന സ്‌ഥാപനങ്ങളുടെ ലൈസൻസ് സ്‌ഥിരമായി റദ്ദാക്കുന്നതിനൊപ്പം ഉത്തരവാദികൾക്ക് എതിരെ ക്രിമിനൽ നടപടി സ്വീകരിക്കാനും ആരോഗ്യവകുപ്പ് സംസ്‌ഥാന ഡ്രഗ്‌സ് കൺട്രോളർക്ക് നിർദ്ദേശം നൽകി.

By Senior Reporter, Malabar News
K Muraleedharan
കെ. മുരളീധരൻ / Image Courtesy: K Muraleedharan FB Page

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ അംഗീകാരമില്ലാത്ത സൗന്ദര്യവർധക വസ്‌തുക്കളുടെയും വ്യാജ പ്രോട്ടീൻ പൗഡറുകളുടെയും വിൽപ്പന തടയാൻ നടപടികളുമായി ആരോഗ്യവകുപ്പ്. എല്ലാ ജില്ലകളിലും ഇത് സംബന്ധിച്ച് വ്യാപക പരിശോധന നടത്താൻ സംസ്‌ഥാന ഡ്രഗ്‌സ് കൺട്രോളർക്ക് ആരോഗ്യമന്ത്രി കെ. മുരളീധരൻ നിർദ്ദേശം നൽകി.

ഫേസ് ഷീറ്റുകൾ, ഫെയർനെസ് ഉൽപ്പന്നങ്ങൾ, ചർമത്തിന്റെ നിറവും സൗന്ദര്യവും വർധിപ്പിക്കുമെന്ന് അവകാശപ്പെടുന്ന ക്രീമുകൾ, മറ്റു സൗന്ദര്യവർധക വസ്‌തുക്കൾ എന്നിവയുടെ വിപണനം പ്രത്യേകം പരിശോധിക്കും. നിയമവിരുദ്ധമായ ഉൽപ്പന്നങ്ങൾ വിൽക്കുന്ന സ്‌ഥാപനങ്ങളുടെ ലൈസൻസ് സ്‌ഥിരമായി റദ്ദാക്കുന്നതിനൊപ്പം ഉത്തരവാദികൾക്ക് എതിരെ ക്രിമിനൽ നടപടി സ്വീകരിക്കാനും നിർദ്ദേശം നൽകി.

സൗന്ദര്യവർധക വസ്‌തുക്കൾക്ക് പുറമെ പേശീബലം കൂട്ടാനും ശാരീരിക ഉത്തേജനത്തിനുമെന്ന പേരിൽ വ്യാജപരസ്യം ഗുളികകൾ, ഓയിൽമെന്റ്, തൈലം എന്നിവ വ്യാജമായി വിറ്റഴിക്കുന്നവരെ കണ്ടെത്തി ക്രിമിനൽ നടപടി സ്വീകരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വ്‌ളോഗർക്കെതിരെയും കർശന നടപടി സ്വീകരിക്കാനാണ് നിർദ്ദേശം.

മംഗലാപുരം-കാസർഗോഡ് മേഖല കേന്ദ്രീകരിച്ചു കേരളത്തിലേക്ക് അംഗീകാരമില്ലാത്ത സൗന്ദര്യവർധക വസ്‌തുക്കളും ആരോഗ്യ ഉൽപ്പന്നങ്ങളും ഓൺലൈൻ വഴി എത്തിച്ച് വിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം ഉൽപ്പന്നങ്ങളുടെ ഉറവിടം, ഗുണനിലവാരം, സുരക്ഷിതത്വം എന്നിവ സംബന്ധിച്ച് ഗുരുതരമായ ആശങ്കകളുണ്ട്.

വൃക്ക, കരൾ, നാഡീവ്യൂഹം എന്നിവയെ ബാധിക്കുന്ന ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്കും ത്വക്ക് കാൻസർ ഉൾപ്പടെയുള്ള രോഗങ്ങൾക്കും വ്യാജവും സുരക്ഷിതത്വം ഉറപ്പാക്കാത്തതുമായ ഉൽപ്പന്നങ്ങൾ കാരണമാകാമെന്ന് ഡോക്‌ടർമാർ മുന്നറിയിപ്പ് നൽകുന്നു. ശാസ്‌ത്രീയ തെളിവുകളില്ലാതെ അവകാശവാദങ്ങൾ ഉന്നയിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരെയും നടപടിയുണ്ടാകും.

അതേസമയം, മലപ്പുറത്ത് ഫേസ്‌ക്രീമിലെ വിഷബാധമൂലം ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തിൽ നിയമപോരാട്ടം ശക്‌തമാക്കാനുള്ള തീരുമാനത്തിലാണ് ഇരയായ 17കാരി. മാദ്ധ്യമങ്ങളെ കണ്ട പെൺകുട്ടി കേസുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്ന് വ്യക്‌തമാക്കി. താൻ ഉപയോഗിച്ചിരുന്ന ക്രീമിന്റെ സാമ്പിൾ പോലീസിന് നൽകിയെന്നും കുട്ടി വിവരിച്ചു.

എഫ് ട്യൂൺ എന്ന ക്രീമിൽ നിന്നാണ് തനിക്ക് വൃക്ക രോഗം ഉണ്ടായതെന്ന് പോലീസിന് മൊഴി നൽകിയതായും പെൺകുട്ടി പറഞ്ഞു. കൺസ്യൂമർ കോടതിയിലേക്ക് പോകുമെന്നും കുട്ടി കൂട്ടിച്ചേർത്തു. അതിനിടെ, മെർക്കുറി സാന്നിധ്യമുള്ള ഫെയർനെസ് ക്രീം വിൽപ്പന നടത്തിയ എഫ് ട്യൂൺ എന്ന കമ്പനിക്കെതിരെ പോലീസ് കേസെടുത്തു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് അരീക്കോട് പോലീസ് കേസെടുത്തത്.

Most Read| ഉമ്മൻ ചാണ്ടിക്ക് ശേഷം വിജിലൻസിന് രഹസ്യക്കവചം ശക്‌തമാക്കി വിഡി സതീശൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE