തിരുവനന്തപുരം: കൊലവിളി പ്രസംഗം നടത്തിയ സിപിഎം നേതാവും മുൻ എംഎൽഎയുമായ ടിഐ. മധുസൂദനനെ പരോക്ഷമായി തള്ളി സംസ്ഥാന സെക്രട്ടറി എംവി. ഗോവിന്ദൻ. കൊലയ്ക്ക് കൊലയല്ല പാർട്ടിയുടെ നയമെന്ന് അദ്ദേഹം പറഞ്ഞു. അക്രമങ്ങളും കൊലപാതകങ്ങളും ഒഴിവാക്കി സമവായത്തിന്റെ രീതി സ്വീകരിക്കണമെന്ന നിലപാടാണ് പാർട്ടി അംഗീകരിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
23ആം പാർട്ടി കോൺഗ്രസിൽ കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച നയം ചൂണ്ടിക്കാട്ടിയ ഗോവിന്ദൻ, പാർട്ടിക്കുനേരെ ആക്രമണം ഉണ്ടായാൽ പോലും തിരിച്ചടിയായി കൊലപാതകമോ വീടുകൾ ആക്രമിക്കലോ പാടില്ലെന്ന നിലപാട് ആവർത്തിച്ചു.
അതേസമയം, മധുസൂദനന്റെ പ്രസംഗമുണ്ടാക്കിയ രാഷ്ട്രീയ തിരിച്ചടി പ്രതിരോധിക്കാൻ മുഖ്യമന്ത്രി വിഡി. സതീശന്റെ പരാമർശങ്ങൾ ഉയർത്തിക്കാട്ടാനാണ് സിപിഎം ശ്രമിക്കുന്നത്.
ചോരയ്ക്ക് പകരം ചോര എന്ന തരത്തിൽ വിഡി. സതീശൻ നടത്തിയ പ്രസംഗത്തെക്കുറിച്ചു മാദ്ധ്യമങ്ങൾ എന്തുകൊണ്ട് ചർച്ച ചെയ്യുന്നില്ലെന്നും ഗോവിന്ദൻ ചോദിച്ചു. ഈ വിഷയത്തിൽ സതീശനെതിരെ ഗവർണർക്ക് ഔദ്യോഗികമായി പരാതി നൽകുന്ന കാര്യം സിപിഎം ആലോചിക്കുന്നുണ്ടെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
അതേസമയം, കൊലവിളി പ്രസംഗം നടത്തിയ ടിഐ. മധുസൂദനനെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു. കലാപാഹ്വാനം, സമാധാനാന്തരീക്ഷം തകർക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കെഎസ്യു സംസ്ഥാന വൈസ് പ്രസിഡണ്ട് മുഹമ്മദ് ഷമ്മാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.
Most Read| കേരള സ്റ്റാർട്ടപ്പ് മിഷന്റെ തലപ്പത്ത് ആദ്യമായി വനിത



































