ചാലക്കുടി: ഡിജിറ്റല്‍ ഒപ്പ് ഇല്ലാത്തതിനാല്‍ ഓണ്‍ലൈനിലൂടെ നല്കിയ അപേക്ഷകളില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാന്‍ കാലതാമസം നേരിടുന്നതായി പരാതി. കോടശ്ശേരി പഞ്ചായത്തിലെ കുറ്റിച്ചിറ വില്ലേജ് ഓഫീസില്‍ സ്ഥലം മാറി വന്ന വില്ലേജ് ഓഫീസര്‍ക്ക് ഡിജിറ്റല്‍ ഒപ്പ് ഇല്ലാത്തതാണ് തിരിച്ചടിയായത്.
അക്ഷയ വഴി ഫീസ് നല്കി അപേക്ഷകര്‍ അപേക്ഷകള്‍ സമര്‍പ്പിച്ചെങ്കിലും സര്‍ട്ടിഫിക്കറ്റ് വൈകുന്നത് അന്വേഷിച്ചപ്പോഴാണ് തടസ്സം ശ്രദ്ധയില്‍പ്പെട്ടത്. ഓണ്‍ലൈന്‍ അപേക്ഷ നല്കി കാത്തിരുന്നവര്‍ സര്‍ട്ടിഫിക്കറ്റിനായി വില്ലേജ് ഓഫീസില്‍ നേരിട്ടെത്തി വീണ്ടും അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസ്ഥയാണിപ്പോള്‍. പ്രശ്നത്തിന് ഉടന്‍ പരിഹാരം കാണേണമെന്ന് ബിഡിജെഎസ് കോടശ്ശേരി പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.
- ഇ- ഒപ്പ്
ഡിജിറ്റല്‍ ഒപ്പ് എന്നാല്‍ ഓണ്‍ലൈനിലൂടെ അക്കങ്ങളുടെ സഹായത്താല്‍ രേഖപ്പെടുത്തുന്ന സാക്ഷ്യപത്രമാണ്. പേന കൊണ്ട് ഒപ്പിട്ടയാള്‍ക്ക് ഇതെന്റെ ഒപ്പല്ല, എന്ന് പറയാം. എന്നാല്‍ ഡിജിറ്റല്‍ ഒപ്പില്‍ അത് പറ്റില്ല. ഓണ്‍ലൈന്‍ ഒപ്പിടാമെന്നതും നമ്മുടെ ഒപ്പ് ആര്‍ക്കും തിരുത്താന്‍ പറ്റില്ല എന്നതുമാണ് മേന്മ. തിരുത്തിയാല്‍ അപ്പോള്‍ തന്നെ അറിയുവാന്‍ സാധിക്കും.