തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിനെ അടിസ്ഥാനത്തില്‍ ഇന്ന് സംസ്ഥാനത്ത് 6 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ നാളെയും ശക്തമായ മഴ തുടരാന്‍ സാധ്യതയുള്ളതിനാല്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ 5 ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ശക്തമായ മഴക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. അതിനാല്‍ തന്നെ പൊതുജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉച്ചക്ക് 2 മണി മുതല്‍ 10 മണി വരെയുള്ള സമയത്താണ് ഇടിമിന്നല്‍ ഉണ്ടാകാനുള്ള സാധ്യതയുള്ളത്. മലയോര മേഖലകളില്‍ താമസിക്കുന്ന ആളുകള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടത് അനിവാര്യമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
ശക്തമായ മഴക്കൊപ്പം തന്നെ കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് തീരങ്ങളിലും, താഴ്ന്ന പ്രദേശങ്ങളിലും ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മൽസ്യബന്ധനത്തിന് കടലില്‍ പോകുന്നവരും, തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരും ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മൽസ്യബന്ധനത്തിന് തടസമില്ല.
Read also : വാക്സിനേഷൻ ആദ്യഘട്ടം; 665 ഉദ്യോഗസ്ഥർക്ക് ചുമതല