കെജിഎഫ് മ്യൂസിക് ഡയറക്ടർ രവി ബസ്രൂർ ആദ്യമായി മലയാള സിനിമയിലേക്ക്. ഒമർ ലുലു സംവിധാനം ചെയ്യുന്ന ‘പവർസ്റ്റാർ’ എന്ന ചിത്രത്തിന് സംഗീതം പകരാനാണ് രവി ബസ്രൂർ മലയാളത്തിലേക്ക് എത്തുന്നത്. സിനിമയുടെ സംവിധായകൻ ഒമർ ലുലു തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഒമര്‍ ലുലുവും രവി ബസ്രൂരും ഒരുമിച്ചുള്ള ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.
ബാബു ആന്റണിയെ കേന്ദ്ര കഥാപാത്രമാക്കി ഒമർ ലുലു സംവിധാനം ചെയ്യുന്ന പവർസ്റ്റാറിൽ ഹോളിവുഡ് താരം ലൂയിസ് മാൻഡിലോറും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ‘നായിക ഇല്ല, പാട്ട് ഇല്ല, ഇടി മാത്രം‘ എന്ന ടാഗ്ലൈനുമായി എത്തുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ഡെന്നീസ് ജോസഫാണ്.
ആക്ഷൻരംഗങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള ചിത്രമായിരിക്കും പവർസ്റ്റാറെന്ന് ഒമർ ലുലു നേരത്തെ വ്യക്തമാക്കിയിരുന്നു. ബാബുരാജ്, റിയാസ് ഖാന്, അബു സലിം തുടങ്ങിയവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Read Also: ഐഎസ്എൽ; മുംബൈ സിറ്റിക്ക് എതിരാളി ചെന്നൈയിൻ എഫ്സി