ഇസ്‌ലാമാബാദ്: പാകിസ്‌ഥാനിൽ യുവതിയെ കൂട്ടബലാൽസംഗം ചെയ്‌ത രണ്ട് പ്രതികൾക്ക് വധശിക്ഷ വിധിച്ച് ലാഹോർ കോടതി. ആബിദ് മാൽഹി, ഷഫ്‌കത്ത് ഹുസൈൻ എന്നിവരെയാണ് കൂട്ടബലാൽസംഗം, തട്ടിക്കൊണ്ടുപോകൽ, കവർച്ച, ഭീകരവാദം എന്നീ കുറ്റങ്ങൾക്ക് വധശിക്ഷക്ക് വിധിച്ചത്.
2020 സെപ്റ്റംബറിൽ ആണ് സംഭവം. കിഴക്കൻ പ്രവിശ്യയിലെ ഒരു ഹൈവേക്ക് സമീപമാണ് യുവതി പീഡനത്തിന് ഇരയായത്. രണ്ട് മക്കളുമായി കാറിൽ പോകുകയായിരുന്ന യുവതി ഇന്ധനം തീർന്നതോടെ വഴിയിൽ കുടുങ്ങി. ഇതുവഴി പോകുകയായിരുന്ന പ്രതികൾ സഹായിക്കാമെന്ന് വാഗ്‌ദാനം നൽകി യുവതിയെ കൂട്ടബലാൽസംഗത്തിന് ഇരയാക്കുക ആയിരുന്നു.
ജയിലിൽ നടന്ന തിരിച്ചറിയൽ പരേഡിലും ജഡ്‌ജിയുടെ മുന്നിൽ മൊഴി രേഖപ്പെടുത്തുന്നതിന് ഇടയിലും ഇരയായ യുവതി പ്രതികളെ തിരിച്ചറിഞ്ഞിരുന്നു. പ്രതികൾക്ക് കടുത്ത ശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് വലിയ രീതിലിയുള്ള പ്രതിഷേധമാണ് പാകിസ്‌ഥാനിൽ അരങ്ങേറിയത്.
ഇത്തരം കേസുകളിൽ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കുന്നതിന് നിയമ നിർമാണം നടത്തണമെന്നും സ്‌ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനായി കൂടുതൽ നടപടികൾ കൈക്കൊള്ളണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടിരുന്നു.
കറാച്ചി ആസ്‌ഥാനമായുള്ള ‘വാർ എഗെയിൻസ്‌റ്റ് റേപ്പ്’ ഗ്രൂപ്പിന്റെ കണക്കനുസരിച്ച് ലൈംഗിക പീഡന- ബലാൽസംഗ കേസുകളിൽ മൂന്ന് ശതമാനത്തിൽ താഴെ മാത്രമാണ് പാകിസ്‌ഥാനിൽ ശിക്ഷിക്കപ്പെടുന്നത്.
Also Read: ‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്’ സൂചിക; 20 സംസ്‌ഥാനങ്ങൾ പരിഷ്‌കാരങ്ങൾ നടപ്പിലാക്കി


































