വയനാട്: അമ്പലവയലില്‍ അമ്മക്കും മകള്‍ക്കും നേരെ ആസിഡ് ഒഴിച്ച സംഭവത്തിൽ ഭർത്താവിനായി തിരച്ചിൽ ശക്‌തമാക്കി പോലീസ്. പ്രതിയായ സനൽ വയനാട്ടിൽ നിന്ന് കണ്ണൂരിലേക്ക് കടന്നതായാണ് വിവരം. ആക്രമണത്തിന് ശേഷം പ്രതി ബൈക്കിൽ രക്ഷപെടുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. സനലിനെ കണ്ടെത്തുന്നതിന് എല്ലാ സ്‌റ്റേഷനുകളിലും വിവരം നൽകിയതായി പോലീസ് അറിയിച്ചിട്ടുണ്ട്.
ആസിഡ് ആക്രമണത്തിൽ പൊള്ളലേറ്റ നിജിത, 12 വയസുകാരി അളകനന്ദ എന്നിവർ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്. ഇരുവർക്കും മുഖത്താണ് പൊള്ളലേറ്റത്. അമ്പലവയൽ ഫാന്റം റോക്കിന് സമീപം ഇന്നലെ ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് സംഭവം. ഭർത്താവിന്റെ പീഡനം മൂലം കണ്ണൂർ കൊട്ടിയൂരിൽ നിന്ന് ഒരു മാസം മുമ്പാണ് നിജിതയും മകളും അമ്പലവയലിൽ എത്തിയത്.
ഭർത്താവ് സനൽ ബൈക്കിൽ എത്തിയാണ് ആസിഡ് ആക്രമണം നടത്തിയത്. ഇതേ വാഹനത്തിൽ തന്നെ സനൽ രക്ഷപെടുകയും ചെയ്യുകയായിരുന്നു. വർഷങ്ങളായി നിലനിന്നിരുന്ന കുടുംബ പ്രശ്‌നങ്ങൾ ആണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.
Most Read: സിനിമാ മേഖലയിലെ സ്‌ത്രീകളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ നിയമം അനിവാര്യം; പി സതീദേവി