തിരുവനന്തപുരം: യുവനടിയെ ബലാൽസംഗം ചെയ്‌തെന്ന കേസിൽ നടൻ സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരായി. കന്റോൺമെന്റ് പോലീസ് സ്‌റ്റേഷനിലാണ് ഹാജരായത്. നർകോട്ടിക് സെൽ എസിപിയാണ് അന്വേഷണ ഉദ്യോഗസ്‌ഥൻ. സിദ്ധിഖിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.
സിദ്ദിഖിന് സുപ്രീം കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇതിന്റെ പശ്‌ചാത്തലത്തിൽ കോടതി നിർദ്ദേശിച്ച വ്യവസ്‌ഥകൾ പൂർത്തീകരിക്കുന്നതിനാണ് സിദ്ദിഖിനെ പോലീസ് വിളിച്ചുവരുത്തിയത്. സിദ്ദിഖിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി വിചാരണ കോടതിയിൽ ഹാജരാക്കി അവിടെ നിന്ന് ജാമ്യം നൽകണമെന്നാണ് വ്യവസ്‌ഥ.
അന്വേഷണ സംഘം ആവശ്യപ്പെട്ട ഫോണോ മറ്റ് തെളിവുകളോ സിദ്ദിഖ് ഹാജരാക്കിയിരുന്നില്ല. അതിജീവിതയായ നടി പരാതി നൽകിയത് എട്ട് വർഷത്തിന് ശേഷമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. പരാതിയിൽ കാലതാമസം ഉണ്ടെന്നായിരുന്നു ജാമ്യാപേക്ഷയിൽ സിദ്ദിഖിന്റെ വാദം.
സിദ്ദിഖിന് ജാമ്യം നൽകിയാൽ സമാനമായ മറ്റു കേസുകളെയും ബാധിക്കുമെന്ന് സംസ്‌ഥാന സർക്കാർ സുപ്രീം കോടതിയിൽ വാദിച്ചിരുന്നു. ഈ വാദം തള്ളിയായിരുന്നു കോടതിയുടെ ഉത്തരവ്. ”2016ൽ നടന്ന സംഭവമാണെന്നാണ് പരാതിക്കാരി പറയുന്നത്. എന്നാൽ, 2018ൽ ഫേസ്ബുക്കിൽ ഇതേ ആരോപണങ്ങൾ ഉന്നയിച്ച് പോസ്‌റ്റിടാൻ അതിജീവിത ധൈര്യം കാണിച്ചു. പക്ഷേ, പോലീസിനെ സമീപിക്കാൻ എട്ടുവർഷം വേണ്ടി വന്നു. കേരള സർക്കാർ രൂപീകരിച്ച ഹേമ കമ്മിറ്റിക്ക് മുമ്പാകെയും ഇവർ ഹാജരായില്ല”- സുപ്രീം കോടതി നിരീക്ഷിച്ചു.
അവസരം വാഗ്‌ദാനം ചെയ്‌ത് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ വെച്ച് സിദ്ദിഖ് പീഡിപ്പിച്ചു എന്നാരോപിച്ചാണ് നടി പരാതി നൽകിയത്. തുടർന്ന് സിദ്ദിഖിനെതിരെ ബലാൽസംഗ കുറ്റവും ഭീഷണിപ്പെടുത്തലും അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കുകയായിരുന്നു. 2016ൽ തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ വെച്ച് സിദ്ദിഖ് ബലാൽസംഗം ചെയ്‌തുവെന്നാണ് പരാതി.
മ്യൂസിയം പോലീസാണ് നടിയുടെ മൊഴി രേഖപ്പെടുത്തിയത്. നിള തിയേറ്ററിൽ സിദ്ദിഖിന്റെ ഒരു സിനിമയുടെ പ്രിവ്യൂവിനെത്തിയപ്പോഴാണ് സിനിമാ ചർച്ചകൾക്കായി വിളിച്ച് ലൈംഗികമായി പീഡിപ്പിച്ചതെന്ന് നടി ആരോപിച്ചു. ആരോപണത്തിന് പിന്നാലെ അമ്മയുടെ ജനറൽ സെക്രട്ടറി സ്‌ഥാനത്ത് നിന്ന് സിദ്ദിഖ് രാജിവെച്ചിരുന്നു.
Most Read| യുവാവിന്റെ ഫോൺ അടിച്ചുമാറ്റി കുരങ്ങൻ; കോൾ വന്നപ്പോൾ അറ്റൻഡ് ചെയ്‌തു