കൊച്ചി: നടിയെ ആക്രമിച്ച കേസ് ഇന്ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും. ജസ്‌റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് 12ആം ഇനമായാണ് വാദം കേൾക്കുക. ഇരുകൂട്ടർക്കും ഇന്നത്തെ കോടതി വിധി നിർണായകമാണ്. സമയബന്ധിതമായി വിചാരണ പൂർത്തിയാക്കണമെന്ന ദിലീപിന്റെ അപേക്ഷ ഇന്ന് കോടതിക്ക് മുമ്പിലെത്തും.
നടിയെ ആക്രമിച്ച കേസിൽ മഞ്‌ജു വാര്യരെ വീണ്ടും വിസ്‌തരിക്കുന്നതിൽ എതിർപ്പ് അറിയിച്ചുള്ള സത്യവാങ്മൂലം കഴിഞ്ഞ ദിവസമാണ് ദിലീപ് സുപ്രീം കോടതിയിൽ സമർപ്പിച്ചത്. തെളിവുകളുടെ വിടവ് നികത്താനാണ് മഞ്‌ജുവിനെ വീണ്ടും വിസ്‌തരിക്കണമെന്ന് ആവശ്യപ്പെടുന്നത്. ഭാര്യ കാവ്യാ മാധവന്റെ അച്ഛനെയും അമ്മയെയും വീണ്ടും വിസ്‌തരിക്കുന്നത് വിചാരണ നീട്ടി കൊണ്ടുപോകാനാണെന്നും കോടതിയിൽ സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ ദിലീപ് ആരോപിക്കുന്നു.
എന്നാൽ, കേസിൽ ദിലീപിന്റെ പങ്ക് തെളിയിക്കാൻ മഞ്‌ജു വാര്യർ ഉൾപ്പടെ നാലുപേരെ വീണ്ടും വിസ്‌തരിക്കുന്നത് അത്യാവശ്യമാണെന്നാണ് സംസ്‌ഥാനം സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നത്. തെളിവുകൾ ഹാജരാക്കുന്നത് തടയാൻ ദിലീപ് ശ്രമിക്കുന്നു. വിചാരണ നീട്ടാനെന്ന ദിലീപിന്റെ ആരോപണം അടിസ്‌ഥാന രഹിതമാണെന്നും സർക്കാർ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ അറിയിച്ചു.
മുതിർന്ന അഭിഭാഷകരായ മുകുൾ റോത്തഗി, സിദ്ധാർഥ് ദേവ്, ഫിലിപ്പ് ടി വർഗീസ്, എംഒആർ രഞ്‌ജീത റോത്തഗി എന്നിവരാണ് ഇന്ന് ദിലീപിന് വേണ്ടി കോടതിയിൽ ജെഹാജരാവുക. സംസ്‌ഥാന സർക്കാരിനായി മുതിർന്ന അഭിഭാഷകൻ രൺജിത് കുമാറും സ്‌റ്റാൻഡിങ് കൗൺസിൽ നിഷേ രാജൻ ഷോൻകറും ഹാജരാകും.
Most Read: ‘പരിശോധന ആദായനികുതി ചട്ടങ്ങൾ അനുസരിച്ച്’; ബിബിസി റെയ്‌ഡ് അവസാനിച്ചു