തിരുവനന്തപുരം: എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെതിരെ കോണ്‍ഗ്രസില്‍ മുറുമുറുപ്പ്. എ, ഐ ഗ്രൂപ്പുകളാണ് വേണുഗോപാലിനെതിരെ രംഗത്തെത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന ഉത്തരവാദി കെസി വേണുഗോപാലാണെന്ന് ആരോപിച്ച നേതാക്കൾ വേണുഗോപലിനെ നിയന്ത്രിക്കാൻ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെടുകയും ചെയ്‌തു.
എഐസിസി ചുമതല ഉപയോഗിച്ച് കേരളത്തില്‍ വിഭാഗീയത ഉണ്ടാക്കുന്നുവെന്ന ഗുരുതര ആരോപണവും ജനറല്‍ സെക്രട്ടറിക്കെതിരെ ഉയർന്നു കേൾക്കുന്നുണ്ട്. കെപിസിസി അധ്യക്ഷന്‍ കൃത്യമായി നിലപാട് എടുത്തിരുന്നില്ലെങ്കില്‍ പ്രശ്‌നങ്ങൾ ഉണ്ടാവുമായിരുന്നില്ല എന്നും ഗ്രൂപ്പുകള്‍ പറയുന്നു. ഉചിതമായ കാര്യങ്ങള്‍ക്ക് പോലും അര്‍ഹമായ പരിഗണന നല്‍കാതെ സംഘടന പ്രവര്‍ത്തനത്തില്‍ തന്റെ അഭിപ്രായം സംരക്ഷിച്ചുവെന്നും താന്‍ പറയുന്നിടത്ത് പാര്‍ട്ടി നില്‍ക്കണം എന്ന അധ്യക്ഷന്റെ നിലപാട് തിരിച്ചടിയായെന്നും ഗ്രൂപ്പുകള്‍ ചൂണ്ടിക്കാട്ടി.
സ്വന്തം പേരില്‍ ഗ്രൂപ്പുണ്ടാക്കാനും സ്‌ഥാനാര്‍ഥി നിര്‍ണയം അട്ടിമറിക്കാനും കെസി വേണുഗോപാലിന് വ്യക്‌തിപരമായ താൽപര്യമുണ്ടായിരുന്നു. കണ്ണൂരിലെ ഇരിക്കൂറില്‍ അടക്കം പല ജില്ലകളിലും വലിയ പ്രശ്‌നങ്ങള്‍ ഉണ്ടായി. തിരുവനന്തപുരം നേമത്ത് പ്രിയങ്ക ഗാന്ധി പ്രചാരണം നടത്താതെ പോയതിലുള്ള ഉത്തരവാദിത്തം കെസി വേണുഗോപാലിനാണ്; നേതാക്കൾ പറഞ്ഞു.
ഏകപക്ഷീയമായി തീരുമാനങ്ങള്‍ ഉണ്ടാകരുതെന്നും തിരക്കിട്ട നടപടികള്‍ സാഹചര്യം രൂക്ഷമാക്കുമെന്നും ഗ്രൂപ്പുകള്‍ ഹൈക്കമാന്‍ഡിനോട് അറിയിച്ചു. എന്നാല്‍ ഗ്രൂപ്പുകളാണ് വീഴ്‌ചയ്‌ക്ക് കാരണമെന്നാണ് ഹൈക്കമാന്‍ഡിന്റെ ഇപ്പോഴത്തെ നിഗമനം.
കേരളത്തിലെ തിരഞ്ഞെടുപ്പ് തോൽവിയിൽ നേതൃത്വത്തെ പഴിക്കുന്നതാണ് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന്റെ റിപ്പോർട്. തിരിച്ചടിക്ക് കാരണം സംസ്‌ഥാനത്തെ കോൺഗ്രസ് നേതൃത്വത്തിന്റെ വീഴ്‌ചയാണെന്നും നേതാക്കള്‍ക്കിടയില്‍ ഐക്യമുണ്ടായില്ലെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നുണ്ട്. കൂടാതെ ഗ്രൂപ്പു നേതാക്കളും ഗ്രൂപ്പുകളും തന്നിഷ്‌ടം പോലെ പ്രവര്‍ത്തിച്ചുവെന്നും ഇതാണ് പരാജയത്തിന്റെ പ്രധാന കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു.
Read Also: കോവാക്‌സിൻ വിതരണം; ആദ്യഘട്ടത്തിൽ 18 സംസ്‌ഥാനങ്ങൾ; മുൻഗണനാ പട്ടികയിൽ കേരളമില്ല