തിരുവനന്തപുരം: ഒരാഴ്ചയോളം നീണ്ട ആശങ്കകൾക്ക് വിരാമമാകുന്നു. കേരളത്തിലെ മുഖ്യമന്ത്രി ആരെന്ന് ഇന്ന് ഉച്ചയോടെ അറിയാം. ഹൈക്കമാൻഡിന്റെ തീരുമാനം അടങ്ങിയ മുദ്രവെച്ച കവർ എഐസിസി പ്രതിനിധി ദീപാദാസ് മുൻഷിക്ക് കൈമാറിക്കഴിഞ്ഞു. ഉച്ചയ്ക്ക് ഒരുമണിക്ക് എഐസിസി ആസ്ഥാനത്ത് ചേരുന്ന നിയമസഭാകക്ഷി യോഗത്തിൽ എംഎൽഎമാരെ ഈ തീരുമാനം അറിയിക്കും.
പിന്നാലെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ നേതാക്കളെ വിളിച്ചു രാഹുൽ ഗാന്ധി ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ല. ഘടകകക്ഷികളോടും അദ്ദേഹം പേര് പറഞ്ഞിട്ടില്ല. വളരെ രഹസ്യമായിട്ടാണ് ഹൈക്കമാൻഡ് ഇക്കാര്യത്തിൽ നീക്കുപോക്ക് നടത്തുന്നത്.
നിയമസഭാകക്ഷി യോഗത്തിന് മുൻപ് ഡെൽഹിയിൽ നിന്ന് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതാണ് രീതി. എന്നാൽ, ഇക്കാര്യത്തിലും അന്തിമ തീരുമാനം പുറത്തുവന്നിട്ടില്ല. അതിനിടെ, മുഖ്യമന്ത്രി പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ന്യൂഡെൽഹിയിൽ കെസി. വേണുഗോപാലുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തുന്നതായാണ് റിപ്പോർട്.
രാഹുലിന്റെ വസതിയിൽ വെച്ചാണ് ഇരുവരും ചർച്ച നടത്തുന്നത്. ചർച്ചയ്ക്കായി രാഹുൽ കെസിയെ വിളിച്ചുവരുത്തുകയായിരുന്നു എന്നാണ് വിവരം. അതേസമയം, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻസി രാവിലെ 10.30ന് തിരുവനന്തപുരത്ത് എത്തും. വിഡി. സതീശൻ രാവിലെ 7.15ഓടെ തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്. തിരുവനന്തപുരം വഴുതക്കാട്ടെ വീട്ടിൽ തുടരുകയാണ് രമേശ് ചെന്നിത്തല.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും ഉയർന്നു കേൾക്കുന്ന പേരുകളിലൊന്നാണ് കെസി. വേണുഗോപാലിന്റേത്. എന്നാൽ, അദ്ദേഹം ഡെൽഹിയിലെ തന്റെ വസതിയിൽ തന്നെ തുടരുകയാണ്. പ്രഖ്യാപനം വന്ന ശേഷം ചാർട്ടേഡ് വിമാനത്തിൽ അദ്ദേഹത്തിന് തിരുവനന്തപുരത്ത് എത്താൻ കഴിയുമെന്ന സാധ്യതയും ചർച്ച ചെയ്യപ്പെടുന്നുണ്ട്.
എല്ലാവർക്കും സ്വീകാര്യമായ ഒരു പ്രത്യേക ഫോർമുലയാണ് തയ്യാറാക്കിയിരിക്കുന്നതെന്നും ആരെയും ഒഴിവാക്കിയെന്ന സന്ദേശം നൽകാത്ത വിധത്തിൽ ആയിരിക്കും തീരുമാനമെന്നും കോൺഗ്രസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. അതിനിടെ, ലീഗ് എംഎൽഎമാർ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് എത്തുന്നതിൽ അസൗകര്യം പ്രകടിപ്പിച്ചു. ലീഗിന്റെ എംഎൽഎമാർ ഒപ്പിട്ട കത്ത് ഇ-മെയിൽ വഴി നൽകിയേക്കുമെന്നാണ് സൂചന. രാവിലെ ലീഗ് യോഗം ചേർന്നേക്കുമെന്നും സൂചനയുണ്ട്.
Most Read| ഇത് അത്ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ



































