കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. എയർ ഇന്ത്യ ദുബായ് വിമാനം നേരത്തെ പുറപ്പെട്ട സാഹചര്യത്തിലാണ് യാത്രക്കാർ പ്രതിഷേധിക്കുന്നത്. ഈ വിമാനത്തിൽ പോകാനാകാത്ത അമ്പതോളം പേരാണ് വിമാനത്താവളത്തിൽ പ്രതിഷേധിക്കുന്നത്. രാത്രി 8.25ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ ദുബായ് ഇന്ന് ഉച്ചയ്‌ക്ക് ഒന്നരയ്‌ക്ക് പുറപ്പെട്ടിരുന്നു.
എന്നാൽ, വിമാനത്തിന്റെ സമയത്തിൽ ഉണ്ടായ മാറ്റം യാത്രക്കാരെ അറിയിച്ചിരുന്നില്ല. ഇതോടെ അമ്പതോളം യാത്രക്കാർക്കാണ് വിമാനത്തിൽ യാത്ര ചെയ്യാൻ സാധിക്കാതെ വന്നത്. അതേസമയം, വിമാനത്തിന്റെ സമയ മാറ്റം ഇ-മെയിൽ വഴി അറിയിച്ചിരുന്നെന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം. വിമാനത്തിൽ പോകാൻ സാധിക്കാത്ത യാത്രക്കാരെ ഷാർജയിലേക്ക് പോകാൻ സൗകര്യം ഒരുക്കാമെന്ന് എയർ ഇന്ത്യ അറിയിച്ചിരുന്നു.
എന്നാൽ, ക്വാറന്റെയ്ൻ, ജോലി സമയം എന്നിവ കാരണം യാത്രക്കാരിൽ പലർക്കും ഈ ബദൽ മാർഗം സ്വീകാര്യമല്ലെന്ന് അറിയിച്ചു. ഇതോടെ നാളെ പുറപ്പെടുന്ന എയർ ഇന്ത്യ വിമാനത്തിൽ ടിക്കറ്റ് നൽകാമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ, നാളെ പുറപ്പെടുന്ന എയർ ഇന്ത്യയിൽ ഏഴ് സീറ്റ് മാത്രമാണ് ബാക്കിയുള്ളതെന്ന് അധികൃതർ അറിയിച്ചതായി യാത്രക്കാർ പറയുന്നു. നിലവിൽ, അമ്പതോളം യാത്രക്കാരുടെ ദുബായ് യാത്ര അനിശ്‌ചിതത്വത്തിൽ ആയിരിക്കുകയാണ്.
Most Read: വാക്‌സിനേഷൻ കുറവുള്ള ജില്ലകളിൽ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി