കാബൂൾ: മരിച്ചുവെന്ന അഭ്യൂഹങ്ങൾക്കിടെ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട് താലിബാന്റെ പരമോന്നത നേതാവ് ഹൈബത്തുള്ള അഖുൻസാദ. കാണ്ഡഹാറിലെ ജാമിയ ദാരുല്‍ അലൂം ഹക്കീമിയ മതപഠന സ്‌കൂളില്‍ അഖുന്‍സാദ ഞായറാഴ്‌ച സന്ദര്‍ശനം നടത്തുമെന്ന് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോർട് ചെയ്‌തു.
താലിബാന്റെ പരമോന്നത നേതാവെന്ന് അറിയപ്പെടുന്ന ഹൈബത്തുള്ള അഫ്‌ഗാനിൽ താലിബാന്‍ അധികാരത്തിലേറിയിട്ടും ഒരുവേദിയിലും പ്രത്യക്ഷപ്പെട്ടിരുന്നില്ല. മരണപ്പെട്ടുവെന്നായിരുന്നു അഭ്യൂഹങ്ങൾ. എന്നാൽ, ഇതിനെയെല്ലാം തള്ളിക്കളഞ്ഞുകൊണ്ടായിരുന്നു ഹൈബത്തുള്ളയുടെ രംഗപ്രവേശനം.
അതേസമയം പൊതുപരിപാടികളില്‍ പങ്കെടുത്തില്ലെങ്കിലും അഖുന്‍സാദ താലിബാന്റെ പ്രവര്‍ത്തനങ്ങളിലും ചര്‍ച്ചകളിലും സജീവമാണെന്നാണ് മറ്റ് താലിബാന്‍ വക്‌താക്കൾ നൽകുന്ന വിവരം. താലിബാന്റെ മുന്‍ നേതാവായ മുല്ല ഒമറിന്റെ മരണവിവരം വര്‍ഷങ്ങളോളം താലിബാന്‍ പുറത്തുവിട്ടിരുന്നില്ല. ഇക്കാരണം കൊണ്ടുകൂടിയാണ് ഹൈബത്തുള്ള അഖുന്‍സാദ മരണപ്പെട്ടിട്ടുണ്ടാകാം എന്ന അഭ്യൂഹങ്ങളും ഉയർന്നത്.
Also Read: സംസ്‌ഥാനത്തെ സ്‌ഥിതി മാറുന്നു, കൂടുതൽ ഇളവുകൾ നൽകാൻ പ്രാപ്‌തം; മുഖ്യമന്ത്രി