‘അപ്പൻ’ സോണിലിവിൽ കാണാം; സണ്ണിവെയ്‌നും അലൻസിയറും പകർന്നാടിയ ചിത്രം

ക്രൂരനായ അപ്പന്റെ മകനായും. ഭാര്യക്ക് ഭർത്താവായും, നിസഹായായ അമ്മയുടെ മകനായും, ടാപ്പിംഗ് തൊഴിലാളിയായും, ഒരു കുട്ടിയുടെ അപ്പനായും, അളിയനായും, ചേട്ടനായും, അയൽവാസിയായും, കുടുംബനാഥനായും സണ്ണി വെയ്‌ൻ നടത്തിയ അസാമാന്യ പകർന്നാട്ടം കരിയറിലെ നാഴിക കല്ലാണ്. ഞങ്ങളുടെ റേറ്റിങ് 8.5 /10

By Central Desk, Malabar News
APPAN _ Sunny wayne malayalam movie
Ajwa Travels

അടങ്ങാത്ത ഭൗതിക ആസക്‌തിയിൽ ജീവിക്കുന്ന ഒരപ്പന്റെയും ഈ അപ്പനാൽ മാത്രം ജീവിതം ഹോമിക്കേണ്ടിവന്ന അയാളുടെ മകന്റെയും കുടുംബത്തിന്റെയും കഥപറയുന്ന ‘അപ്പൻ’ ഒരു വല്ലാത്ത സിനിമാ കാഴ്‌ചയാണ്‌. തിയേറ്റർ റിലീസ് ഇല്ലാതെ, സോണി ലിവ് നേരിട്ട് പ്രക്ഷേപണം ചെയ്യുന്ന സിനിമ മരണംകൊണ്ട് പോലും വെറുപ്പിനെ അകറ്റാൻ കഴിയാത്ത അപ്പനെയും നിസഹായനായ മകനെയും നമ്മിൽ ബാക്കിവെച്ചാണ് അവസാനിപ്പിക്കുന്നത്.

അപ്പനായി അലൻസിയറും മകനായി സണ്ണിവെയ്‌നും ഗംഭീരമായ പകർന്നാട്ടമാണ് നടത്തിയതെന്ന് അടിവരയിട്ട് പറയാം. ഒരു കഥാപാത്രത്തിനെ എത്രമാത്രം വെറുക്കാമോ അത്രയും വെറുക്കുന്ന രീതിയിൽ ‘അപ്പനെ’ അവതരിപ്പിച്ച അലൻസിയറും (ഇട്ടി) നിസഹായതയുടെ അങ്ങേയറ്റം അനുഭവിക്കുന്ന മകനായും ഭർത്താവായും അപ്പനായും അളിയനായും അയൽവാസിയായും തിളങ്ങിയ സണ്ണിവെയ്‌നും (ഞൂഞ്ഞ്) മറക്കാൻ കഴിയാത്ത കഥാപാത്രങ്ങളായി മാറുന്നു.

അഭിനയരീതിയിലും, സംഭാഷണ ശൈലിയിലും, ശരീരഭാഷയിലുമെല്ലാം ആസ്വാദകർ പ്രതീക്ഷിക്കാത്ത ഉടച്ചുവാർക്കലുകൾ നടത്താൻ സണ്ണിവെയ്‌ൻ ശ്രമിച്ചത് നമുക്ക് അനുഭവിക്കാനാകും. സ്‌ക്രീനില്‍ ഒരിക്കല്‍ മാത്രം കടന്നുവരുന്ന ബാലന്‍ മാഷും കുര്യാക്കോയുമൊക്കെ പ്രേക്ഷകനിൽ സ്വാധീനം ചെലുത്തുന്നു എന്നതും എടുത്തുപറയേണ്ട മികവാണ്. ചിത്രത്തിലെ മറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ച പോളി വൽസൻ, അനന്യ, ഗ്രേസ് ആന്റണി, രാധിക രാധാകൃഷ്‌ണൻ, അനില്‍ കെ ശിവറാം, വിജിലേഷ് തുടങ്ങിയവരാരും നിരാശപ്പെടുത്തുന്നില്ല. ഡാർക്ക് കോമഡിയും ഡ്രാമയും ഒന്നിച്ചു ഇഴചേർത്ത ‘അപ്പൻ’ സംവിധായകൻ മജുവും ആര്‍ ജയകുമാറും ചേർന്ന് തിരക്കഥ ഒരുക്കിയ ചിത്രമാണ്.

ഇട്ടി ചെയ്‌തിട്ടുള്ള ക്രൂരതകളുടെ ശിക്ഷ മകൻ 6ആം വയസിൽ അനുഭവിച്ചു തുടങ്ങുമ്പോൾ ഭാര്യയത് കെട്ടുകഴിഞ്ഞ ദിവസം മുതൽ അനുഭവിക്കുകയാണ്. വീട്ടിലെ വളർത്തുനായ പോലും അപ്പൻ ചെയ്‌ത ക്രൂരതയുടെ അനന്തരഫലം അനുഭവിക്കുന്നുണ്ട്. ഒരുഘട്ടത്തിൽ അപ്പനെ കൊല്ലാൻ പല വഴികൾ ആലോചിക്കുന്ന ഞൂഞ്ഞ് (സണ്ണി വെയ്ൻ), പക്ഷേ ഒരിക്കൽ സ്വന്തം കുഞ്ഞിന്റെ ചോദ്യത്തിന് മുന്നിൽ പതറുകയും, ശേഷം അപ്പനെ പരിചരിക്കാൻ അപ്പന്റെ രഹസ്യക്കാരിയെ വീട്ടിൽ കൊണ്ട് നിർത്തേണ്ട ഗതികേടിലേക്കും എത്തുന്നുണ്ട്. ഈ മാനസിക
സംഘർഷങ്ങൾ സണ്ണി വെയ്ൻ കൈകാര്യം ചെയ്‌ത രീതി ഓരോ സീരിയസ് പ്രേക്ഷകനെയും സ്വാധീനിക്കും.

രണ്ട് കഥാപത്രങ്ങൾക്ക് അഭിനേതാക്കളെ പ്‌ളെയ്‌സ് ചെയ്‌തത്‌ മാറ്റിനിറുത്തിയാൽ, സംവിധായകൻ ഏറ്റവും കൂടുതൽ അഭിനന്ദനം അർഹിക്കുന്നത് അപ്പനിലെ ‘കാസ്‌റ്റിങ്‌ ബ്രില്യൻസ്’ കൈകാര്യം ചെയ്‌തതിലാണ്. എന്നാൽ, പച്ചയായ ജീവിതം അതേപടി പകര്‍ത്താനും യാഥാർഥ്യത്തിൽ നിന്ന് അകലാതിരിക്കാനും സംവിധായകൻ ശ്രമിക്കുമ്പോഴും ചിലയിടങ്ങളിൽ അതി വൈകാരികതയും മെല്ലെപ്പോക്കും ചില അതിഭാവുകത്വവും അൽപം മുഷിപ്പ് ഉണ്ടാക്കുന്നുണ്ട്.

എങ്കിലും, പ്രേക്ഷകർക്ക് ഒരു കാണാകാഴ്‌ച തന്നെയാണ് മജു (കെബി മജു) എന്ന സംവിധായകൻ നൽകുന്ന ‘അപ്പൻ’. ഇദ്ദേഹം സംവിധായകൻ എന്ന നിലയിൽ ‘ഫ്രഞ്ച് വിപ്ളവം’ എന്ന ആദ്യ സംവിധാന സംരംഭത്തിൽ നിന്ന് ഏറെ ദൂരം നടന്നു കയറിയിരിക്കുന്നു അപ്പനിലേക്ക്. റിയലിസ്‌റ്റിക് ചിത്രങ്ങൾ ഇഷ്‌ടപ്പെടുന്നവരെ ‘അപ്പന്‍’ ഒരുതരത്തിലും നിരാശപ്പെടുത്തില്ല, തീര്‍ച്ചയായും ഒന്നോ രണ്ടോ വട്ടം കാണാവുന്ന ചിത്രമാണിത്.

വിനോദ് ഇല്ലംപിള്ളിയുടെയും പപ്പുവിന്റെയും ഛായാഗ്രാഹണം എടുത്തുപറയേണ്ട മറ്റൊരു സവിശേഷതയാണ്. കിരൺ ദാസിന്റെ എഡിറ്റിങ്ങും ഡോണ്‍ വിന്‍സെന്റിന്റെ സംഗീതവും പക്കാഫിറ്റാണ് അപ്പനിൽ. സണ്ണി വെയ്‌ൻ പ്രൊഡക്ഷൻസും ടൈനി ഹാൻഡ്‌സ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ജോസ്‌കുട്ടി മഠത്തിലും രഞ്‌ജിത് മണംബ്രക്കാട്ട് എന്നിവരും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മജുവിന്റെ മുൻ ചിത്രമായ ഫ്രഞ്ച് വിപ്ളവത്തിലും സണ്ണി വെയ്ൻ തന്നെയായിരുന്നു നായകനായെത്തിയത്.

Most Read: കോവിഡ്: വെല്ലുവിളിയായി ബിഎഫ്.7 വകഭേദം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE