ന്യൂഡെൽഹി: ക്ഷേത്രങ്ങളിലെ ദൈനംദിന പൂജകളിലും ആചാരങ്ങളിലും കോടതികൾ ഇടപെടില്ലെന്ന് സുപ്രീം കോടതി. തിരുപ്പതി ക്ഷേത്രത്തിലെ ചില പ്രധാന അനുഷ്‌ഠാനങ്ങളിൽ ക്രമക്കേട് ആരോപിച്ച് നൽകിയ ഹരജി സുപ്രീം കോടതി തള്ളി. എന്നാൽ ക്ഷേത്രങ്ങളിലെ ഭരണപരമായ കാര്യങ്ങളിൽ എന്തെങ്കിലും വീഴ്‌ചയുണ്ടായാൽ കോടതികൾക്ക് ഇടപെടാമെന്നും സുപ്രീം കോടതി വ്യക്‌തമാക്കി.
തിരുപ്പതി ക്ഷേത്രത്തിലെ അഭിഷേകം, പൂജകൾ എന്നിവ ആചാരപ്രകാരം അല്ലെന്ന് ചൂണ്ടിക്കാട്ടി ശ്രീവാരി ദാദാ നൽകിയ ഹരജി തീർപ്പാക്കി കൊണ്ടാണ് ചീഫ് ജസ്‌റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ച് സുപ്രധാനമായ നിരീക്ഷണം നടത്തിയത്.
ക്ഷേത്രത്തിൽ എങ്ങനെ പൂജ നടത്തണം. തേങ്ങ ഉടയ്‌ക്കണം, ആരതി നടത്തണം എന്നതൊന്നും കോടതികൾക്ക് നിർദ്ദേശം നൽകാൻ കഴിയില്ലെന്ന് ചീഫ് ജസ്‌റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ച് വ്യക്‌തമാക്കി. വ്യവസ്‌ഥാപിതമായ ആചാരങ്ങൾ പാലിക്കുന്നില്ലെന്ന പരാതിയുണ്ടെങ്കിൽ ഹരജിക്കാരന് കീഴ്‌ക്കോടതിയിൽ സിവിൽ സ്യൂട്ട് നൽകാവുന്നതാണെന്നും സുപ്രീം കോടതി വ്യക്‌തമാക്കി.
എന്നാൽ ക്ഷേത്രത്തിന്റെ ഭരണകാര്യങ്ങളിൽ ഏതെങ്കിലും വീഴ്‌ചയോ, ദർശനം അനുവദിക്കുന്നതിൽ വിവേചനം ഉണ്ടെങ്കിലോ ആവശ്യമായ നിർദ്ദേശം നൽകാൻ തങ്ങൾക്ക് കഴിയുമെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ആചാരം, പൂജ എന്നിവ സംബന്ധിച്ച് ഭക്‌തനുള്ള സംശയങ്ങൾ നീക്കാൻ തിരുപ്പതി ദേവസ്വത്തിന് ബാധ്യത ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതിനപ്പുറം ക്ഷേത്രത്തിന്റെ ദൈനംദിന കാര്യങ്ങളിൽ കോടതി ഇടപെടുന്നത് പ്രായോഗികമല്ലെന്നും സുപ്രീം കോടതി വ്യക്‌തമാക്കി.
Read Also: സംസ്‌ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; 9 ജില്ലകളിൽ യെല്ലോ അലർട്