തിരുവനന്തപുരം: സംസ്‌ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. പാലക്കാട് ജില്ലയില്‍ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലർട് പിന്‍വലിച്ചു. എന്നാൽ വയനാട്, കണ്ണൂര്‍, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കാസർഗോഡ് എന്നീ ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു.
അതേസമയം, സംസ്‌ഥാനത്ത് മഴയുടെ തീവ്രത കുറയുകയാണ്. അറബിക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടെങ്കിലും കേരളത്തില്‍ കാര്യമായ സ്വാധീനമുണ്ടാകില്ല. അറബിക്കടലില്‍ കര്‍ണാടക തീരത്തോട് ചേര്‍ന്നാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടിരിക്കുന്നത്. വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം അടുത്ത 48 മണിക്കൂറില്‍ ശക്‌തി പ്രാപിക്കും.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം അധികം ശക്‌തി പ്രാപിക്കാതെ ആന്ധ്ര തീരത്ത് കര തൊടുമെന്നാണ് വിലയിരുത്തല്‍. ന്യൂനമര്‍ദ്ദങ്ങള്‍ കാറ്റിനെ ഇരു ദിശകളിലായി വഴി പിരിക്കുന്നതിനാല്‍ കേരളത്തില്‍ മഴ കുറയും. ഒക്‌ടോബറിലും നവംബറിലുമായി 8 ന്യൂനമര്‍ദ്ദങ്ങള്‍ രൂപപ്പെട്ടുകഴിഞ്ഞു. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലുമായാണ് ഇവയെല്ലാം രൂപപ്പെട്ടത്.
Most Read: ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം; എൻഐഎ അന്വേഷണം വേണമെന്ന് സുരേന്ദ്രൻ