ഇടുക്കി: കമ്പത്ത് അരിക്കൊമ്പന്റെ ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു. തമിഴ്‌നാട് കമ്പം സ്വദേശി പാൽരാജ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ കമ്പം ടൗണിൽ ഇറങ്ങിയ കൊമ്പൻ തകർത്ത ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന ആളാണ് പാൽരാജ്. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാൾ തേനി മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരിച്ചത്.
അരിക്കൊമ്പൻ കമ്പം ടൗണിലൂടെ ഓടിനടക്കുകയും വാഹനങ്ങൾ തകർക്കുകയും, ആളുകളെ ഓടിക്കുകയും ചെയ്‌തിരുന്നു. ഇതിനിടെ, കുത്തിമറിച്ച ഓട്ടോറിക്ഷയിൽ ഇരുന്നായാണ് പാൽരാജ്. ഓട്ടോയുടെ ഡ്രൈവറെ ആയിരുന്നുവെന്നാണ് വിവരം. തലക്ക് പുറമെ ആന്തരികാവയവങ്ങൾക്കും പരിക്കേറ്റിരുന്നുവെന്നാണ് സൂചന. എല്ലുകൾ ഒടിഞ്ഞു പോയിരുന്നു. പോസ്‌റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അതിനിടെ, നാടിനെ വിറപ്പിച്ച കൊമ്പനെ പിടികൂടി മയക്കുവെടി വെക്കാനുള്ള ദൗത്യം ഇന്നും തുടരുകയാണ്. കമ്പത്തിന് സമീപം കൂത്തനാച്ചിയാർ വനമേഖലയിൽ തമ്പടിച്ച കൊമ്പൻ പിന്നീട് ഷൺമുഖ നദി അണക്കെട്ടിന് സമീപത്തേക്ക് നീങ്ങി. ദൗത്യ സംഘം ഇവിടെ എത്തിയെങ്കിലും വനത്തിലെ തന്നെ നിൽക്കുന്നതിനാൽ മയക്കുവെടി വെക്കാൻ സാധിച്ചിട്ടില്ല. ജനവാസ മേഖലയോട് ചേർന്നുകിടക്കുന്ന വനമേഖലയിലൂടെയാണ് കൊമ്പന്റെ സഞ്ചാരം.
ഷൺമുഖ നദി ഡാമിന് സമീപത്തെ ക്ഷേത്രത്തിനടുത്തായി ഒന്നര കിലോമീറ്റർ അകലത്തിൽ വനത്തിനുള്ളിൽ തന്നെയാണ് കൊമ്പൻ. രാവിലെ അരിക്കൊമ്പൻ ഉണ്ടായിരുന്ന കൂത്തനാച്ചിയാർ വനമേഖലയിൽ നിന്ന് അഞ്ചു കിലോമീറ്റർ അകലെയാണ് ഷൺമുഖ നദി ഡാം. ആന ക്ഷീണിതനായതിനാലാണ് അധിക ദൂരം സഞ്ചരിക്കാത്തതെന്നാണ് വനംവകുപ്പിന്റെ കണക്കുകൂട്ടൽ. അനുയോജ്യമായ സ്‌ഥലത്തേക്ക് ആനയിറങ്ങി വന്നാൽ മയക്കുവെടി വെക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.
Most Read: കർണാടക തിരഞ്ഞെടുപ്പ് വിജയം മധ്യപ്രദേശിലും ആവർത്തിക്കും; രാഹുൽ ഗാന്ധി