ധാക്ക: ചരക്കു കപ്പലും യാത്രാ ബോട്ടും കൂട്ടിയിടിച്ച് ബംഗ്ളാദേശിലെ ഷീതലാഖ്യ നദിയിലുണ്ടായ അപകടത്തിൽ മരണം 26 ആയി. നാവിക സേനയുടേയും കോസ്‌റ്റ് ഗാര്‍ഡിന്റെയും അഗ്‌നിശമന സേനാംഗങ്ങളുടേയും സംയുക്‌തമായ തിരച്ചിലിലാണ് ഇന്ന് ഇരുപത്തിയൊന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്താനായത്.
ഞായറാഴ്‌ച വൈകുന്നേരം നാരായണഗഞ്ച് ജില്ലയിലാണ് അപകടം നടന്നത്. ധാക്കയുടെ തെക്ക് കിഴക്കന്‍ മേഖലയാണ് ഇവിടം. ഞായറാഴ്‌ച വൈകി നടന്ന തിരിച്ചിലില്‍ യാത്രാ ബോട്ടില്‍ സഞ്ചരിച്ച അഞ്ച് പേരുടെ മൃതദേഹം മാത്രമാണ് കണ്ടെത്താനായത്.
എംഎല്‍ സബിത് അല്‍ ഹസന്‍ എന്ന യാത്രാ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ചരക്കു കപ്പലായ എല് കെ എല്‍ 3യുമായി കൂട്ടിയിടിച്ചതോടെ യാത്രാ ബോട്ട് മുങ്ങി പോവുകയായിരുന്നു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ജില്ലാ ഭരണകൂടം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
150ഓളം യാത്രക്കാര്‍ ഈ ബോട്ടിലുണ്ടായിരുന്നതായാണ് റിപ്പോര്‍ട്. ഇതില്‍ 50നും അറുപതിനും ഇടയില്‍ ആളുകള്‍ സമീപമുള്ള കരകളിലേക്ക് നീന്തി രക്ഷപ്പെട്ടതായി പോര്‍ട്ട് പോലീസ് ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് മാദ്ധ്യമങ്ങളോട് സ്‌ഥിരീകരിച്ചു.
ഇത്തരത്തില്‍ കരയിലെത്തിയവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണെന്നും അദ്ദേഹം വ്യക്‌തമാക്കി. രക്ഷാ പ്രവര്‍ത്തനത്തിന് പ്രതികൂല കാലാവസ്ഥ കനത്ത വെല്ലുവിളിയാണ് സൃഷ്‌ടിക്കുന്നതെങ്കിലും രക്ഷാ പ്രവര്‍ത്തനം തുടരുകയാണെന്നാണ് അന്തര്‍ ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്യുന്നത്.
സംഭവത്തില്‍ എഡിഎമ്മിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സമിതി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് വിശദമാക്കി. ബംഗ്ളാദേശ് ഇന്‍ലാന്‍ഡ് വാട്ടര്‍ ട്രാൻസ്‌പോർട് അതോറിറ്റിയും അപകടത്തില്‍ നാലംഗ സമിതിയുടെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Kerala News: പെരുമാറ്റച്ചട്ടം ലംഘിച്ചു; ജോസ് കെ മാണിക്കെതിരെ പരാതിയുമായി മാണി സി കാപ്പന്‍