കൊച്ചി: എറണാകുളം നെട്ടൂരില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ ശല്യം ചെയ്‌തത് ചോദ്യം ചെയ്‌ത പിതാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിലെ മുഖ്യപ്രതി പിടിയിൽ. ഒന്നാം പ്രതി നെട്ടൂര്‍ സ്വദേശി ജിന്‍ഷാദിനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. കേസിലെ രണ്ടാം പ്രതി അഫ്‌സൽ കഴിഞ്ഞ ദിവസം പോലീസ് പിടിയിൽ ആയിരുന്നു. ഇയാള്‍ നിലവില്‍ റിമാന്‍ഡിലാണ്.
സംഭവം നടക്കുമ്പോള്‍ പ്രതികള്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും ഇവര്‍ക്ക് മയക്കുമരുന്ന് ലോബികളുമായി ബന്ധമുണ്ടെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്‌ചയാണ് സംഭവം. നെട്ടൂര്‍ മഹലിന് സമീപം നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുക്കാൻ എത്തിയപ്പോഴാണ് പെണ്‍കുട്ടിയെ യുവാവും സുഹൃത്തും ചേര്‍ന്ന് ശല്യം ചെയ്യുകയും അസഭ്യം പറയുകയും ചെയ്‌തത്. ഇത് ചോദ്യം ചെയ്യാന്‍ എത്തിയപ്പോള്‍ പെണ്‍കുട്ടിയുടെ പിതാവിനെ പ്രതികള്‍ കുത്തുകയായിരുന്നു. ഇദ്ദേഹത്തിന്റെ തല, മുതുക്, നെഞ്ച്, കൈകള്‍ എന്നിവിടങ്ങളിലായി ആറോളം കുത്തേറ്റിരുന്നു.
Most Read: തെങ്കാശിയില്‍ സംഭരണ കേന്ദ്രം; പച്ചക്കറി വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ