കൊച്ചി: എറണാകുളം നെട്ടൂരില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ ശല്യം ചെയ്‌തത് ചോദ്യം ചെയ്‌ത പിതാവിനെ യുവാവ് കുത്തി പരിക്കേല്‍പ്പിച്ചു. നെട്ടൂര്‍ ചക്കാലപ്പാടം റഫീഖിനാണ് (42) യുവാവിന്റെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റത്. ഇദ്ദേഹം ഇപ്പോൾ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ ചികിൽസയിൽ ആണ്.
കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ ആയിരുന്നു സംഭവം. മകളെ ശല്യം ചെയ്‌തതിനെ തുടര്‍ന്ന് പ്രദേശവാസിയായ ഇര്‍ഷാദിനെ പലതവണ റഫീഖ് താക്കീത് ചെയ്‌തിരുന്നു. ഇന്നലെ വൈകിട്ട് നടന്ന ഒരു വിവാഹ സൽക്കാരത്തിനിടെ സംഘം ചേര്‍ന്ന് എത്തിയ ഇര്‍ഷാദും പിതാവുമായി വാക്ക് തര്‍ക്കമുണ്ടായി. തുടര്‍ന്നാണ് ഇദ്ദേഹത്തിന്റെ തലയിലും ശരീരത്തിലും ഇര്‍ഷാദ് കുത്തി പരിക്കേല്‍പ്പിച്ചത്.
ഒളിവില്‍ പോയ പ്രതി ഇര്‍ഷാദിനും കൂട്ടാളികൾക്കുമായി പനങ്ങാട് പോലീസ് തിരച്ചിൽ തുടങ്ങി. തല, മുതുക്, നെഞ്ച്, കൈകള്‍ എന്നിവിടങ്ങളിലായി ആറോളം കുത്തേറ്റു. സംഭവ സമയം ഹാളില്‍ നിരവധിപേർ ഉണ്ടായിരുന്നെങ്കിലും യുവാക്കള്‍ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചതിനാല്‍ ഇവരെ പ്രതിരോധിക്കാന്‍ കഴിഞ്ഞില്ല. സംഭവ ശേഷം യുവാക്കള്‍ സ്‌ഥലം വിട്ടതിന് ശേഷമാണ് റഫീഖിനെ ആശുപത്രിയിൽ എത്തിക്കാന്‍ സാധിച്ചത്.
Most Read: പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും