കത്തിയുമായി അക്രമി അങ്കണവാടിയിൽ; അതിക്രമം തടുത്ത്‌ അധ്യാപിക

By Desk Reporter, Malabar News
Complaint against Police
Representational Image
Ajwa Travels

കാസർഗോഡ്: കത്തിയുമായി അങ്കണവാടിയിൽ എത്തിയ അക്രമിയെ ധൈര്യത്തോടെ നേരിട്ട് അധ്യാപിക. അക്രമി ഉയർത്തിയ കത്തി വെറും കൈകൊണ്ട്‌ പിടിച്ച് തടുത്താണ് അധ്യാപിക ആക്രമണത്തെ ചെറുത്തുതോൽപ്പിച്ചത്. മാവുങ്കാലിലെ കെഎം പുഷ്‌പലതയാണ് അക്രമിയെ കീഴടക്കിയത്. കത്തി പിടിച്ചപ്പോൾ കൈ മുറിഞ്ഞ്‌ ചോരയൊഴുകിയെങ്കിലും മനോധൈര്യം കൈവിട്ടില്ല. തലപിടിച്ച് ചുമരിനിടിക്കാനുള്ള അക്രമിയുടെ ശ്രമവും ചെറുത്തുനിൽപ്പിൽ പരാജയപ്പെട്ടു. ഇതിനിടെ സഹജീവനക്കാരി പുറത്തേക്കോടി ബഹളംവെച്ചതോടെ അക്രമി ഓടി രക്ഷപ്പെട്ടു.

കാഞ്ഞങ്ങാടിന് കിഴക്ക് വട്ടക്കുണ്ട് പ്രദേശത്തെ പുലിയനടുക്കം അങ്കണവാടിയിൽ ചൊവ്വാഴ്‌ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. ബൈക്കിലാണ് അക്രമിയെത്തിയത്. പ്രദേശത്തെ വീട്ടുകാരനാണെന്നും കുട്ടിയുടെ പോഷകാഹാരം വാങ്ങാനാണ് വന്നതെന്നും പറഞ്ഞാണ് ഇയാൾ അങ്കണവാടിയിലേക്ക് പ്രവേശിച്ചത്. ഈ സമയം സഹായി പി സരിതയും അധ്യാപികയും മാത്രമേ അങ്കണവാടിയിൽ ഉണ്ടായിരുന്നുള്ളൂ.

25 വയസ് തോന്നിക്കുന്ന ചെറുപ്പക്കാരനാണ് വന്നതെന്ന് അധ്യാപിക പറയുന്നു. ബൈക്ക് നിർത്തിയിട്ടും എൻജിൻ പ്രവർത്തിപ്പിച്ചിരുന്നു. ഹെൽമെറ്റ് അഴിച്ചുമില്ല. കുട്ടിയുടെ വിലാസം പറയുമ്പോൾ അതു ശരിയല്ലെന്ന് തോന്നിയതിനാൽ ശരിയായ വിലാസം പറയണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് ഇപ്പോൾ വരാമെന്ന് പറഞ്ഞുപോയി. അരമണിക്കൂർ കഴിഞ്ഞ് ഇയാൾ വീണ്ടുമെത്തി. ബൈക്ക്, എൻജിൻ നിർത്തിയിട്ട് വന്നാൽ മതിയെന്ന് വിളിച്ചുപറഞ്ഞതിനാൽ അങ്ങിനെ ചെയ്‌തു. ഹെൽമെറ്റും അഴിച്ചു. എന്നാൽ, മാസ്‌ക് ഉണ്ടായതിനാൽ മുഖം വ്യക്‌തമായില്ല. അയാൾ നേരെ സരിതയുടെ അടുത്തേക്കാണ് പോയത്; അധ്യാപിക വിവരിക്കുന്നു.

“കീശയിൽനിന്ന്‌ കത്തിയെടുത്തപ്പോൾ സരിത പുറത്തേക്കോടി. അപ്പോഴാണ് അക്രമി എനിക്കുനേരെ തിരിഞ്ഞ് കത്തിയുയർത്തിയത്. കത്തി പിടിച്ചപ്പോൾ എന്റെ തലപിടിച്ച് ചുമരിലേക്ക്‌ കുത്താൻ ശ്രമിച്ചു. അപ്പോഴേക്കും സരിത പുറത്തുനിന്ന്‌ ബഹളം വെച്ചതോടെ അക്രമി ഓടിപ്പോയി,”- അധ്യാപിക പറഞ്ഞു.

സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. മാല പിടിച്ചുപറിക്കാനാണോ അതോ മാനസിക വിഭ്രാന്തിയുള്ള ആളാണോയെന്ന് അന്വേഷിക്കുന്നതായും പോലീസ് പറഞ്ഞു. കഴുത്തിലെ സ്വർണമാലയിലേക്ക്‌ നോക്കുന്നുണ്ടായിരുന്നു എന്ന് അധ്യാപികയും സഹായിയും പോലീസിന് മൊഴി നൽകി. ഹൊസ്‌ദുർഗ് എസ്ഐ കെ ശ്രീജേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം. അക്രമം തടുക്കുന്നതിനിടെ കൈ മുറിഞ്ഞ അധ്യാപിക കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി.

Most Read:  സംസ്‌ഥാനത്ത് മൽസ്യക്കൃഷി വ്യാപിപ്പിക്കാൻ വിപുലമായ പദ്ധതി; മന്ത്രി സജി ചെറിയാൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE