ബംഗ്ളാദേശിൽ കലാപം അതിരൂക്ഷം; 24 പേരെ ജീവനോടെ തീവെച്ച് കൊന്നു

മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിന്റെ ജനറൽ സെക്രട്ടറി ഷഹീൻ ചക്ക്‌ലദാറിന്റെ ഉടമസ്‌ഥതയിലുള്ള ഹോട്ടലിനാണ് പ്രക്ഷോഭകർ തീയിട്ടത്.

By Trainee Reporter, Malabar News
Bangladesh Protest
Ajwa Travels

ധാക്ക: ബംഗ്ളാദേശിൽ ആഭ്യന്തര കലാപം അതിരൂക്ഷമായി തുടരുന്നു. ഒരു ഇന്തൊനീഷ്യൻ പൗരനുൾപ്പടെ 24 പേരെ കാലാപകാരികൾ ജീവനോടെ തീവെച്ച് കൊന്നു. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിന്റെ ജനറൽ സെക്രട്ടറി ഷഹീൻ ചക്ക്‌ലദാറിന്റെ ഉടമസ്‌ഥതയിലുള്ള ഹോട്ടലിനാണ് പ്രക്ഷോഭകർ തീയിട്ടത്.

ബംഗ്ളാദേശിൽ പ്രധാനമന്ത്രി സ്‌ഥാനം രാജിവെച്ച് ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്‌തതിന്‌ ശേഷവും രാജ്യത്ത് കലാപത്തിന് അറുതിയില്ല. അതിനിടെ, രാജ്യത്ത് ന്യൂനപക്ഷങ്ങൾക്ക് നേരെ വ്യാപക ആക്രമണം നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. നൂറുകണക്കിന് ഹിന്ദുക്കളുടെ വീടുകളും ക്ഷേത്രങ്ങളും നശിപ്പിച്ചതായും ബംഗ്ളാദേശിലെ ഹിന്ദു അസോസിയേഷൻ അറിയിച്ചു.

ആക്രമണ സാധ്യതയുള്ള മേഖലകളിൽ വിദ്യാർഥികളും ജനങ്ങളും കാവൽ നിൽക്കുകയാണ്. ധാക്കയിലെ ധാക്കേശ്വരി ദേശീയാക്ഷേത്രം ആക്രമിക്കുന്നത് തടയാൻ പ്രദേശവാസികളായ ഹിന്ദുക്കളും മുസ്‌ലിം ജനതയും കാവൽ നിൽക്കുകയാണെന്ന് പ്രദേശവാസികൾ പ്രാദേശിക മാദ്ധ്യമങ്ങളോട് പറഞ്ഞു. ബംഗ്ളാദേശിലെ ജനസംഖ്യയുടെ എട്ട് ശതമാനം ഹിന്ദുക്കളാണ്.

കലാപം തുടരുന്ന ബംഗ്ളാദേശിൽ നിന്ന് ആറ് കുഞ്ഞുങ്ങളടക്കം 205 ഇന്ത്യക്കാരെ പ്രത്യേക ചാർട്ടർ വിമാനത്തിൽ ധാക്കയിൽ നിന്ന് ഡൽഹിയിൽ എത്തിച്ചതായി എയർ ഇന്ത്യ അറിയിച്ചു. ചൊവ്വാഴ്‌ച രാത്രിയാണ് വിമാനം ധാക്കയിൽ നിന്ന് പുറപ്പെട്ടത്. സർക്കാർ ജോലിയിലെ സംവരണ വിഷയത്തിൽ തുടങ്ങിയ പ്രക്ഷോഭം രാജ്യത്ത് സർക്കാരിനെതിരായ സമരമായി മാറുകയായിരുന്നു.

സംവരണ വിഷയത്തിൽ ദിവസങ്ങൾക്ക് മുൻപ് നടന്ന സംഘർഷങ്ങളിൽ 200ലധികം ആളുകൾ കൊല്ലപ്പെട്ടിരുന്നു. ഇത് കെട്ടടങ്ങിയതിന് പിന്നാലെയാണ് സർക്കാരിനെതിരെ പ്രക്ഷോഭം ആരംഭിച്ചത്. രാജ്യത്തെ 13 ജില്ലകളിൽ കലാപം വ്യാപിച്ചിരുന്നു. രാജ്യത്തെ ശിഥിലമാക്കാൻ ശ്രമിക്കുന്ന ഭീകരരെ അടിച്ചമർത്താൻ ജനങ്ങളോട് ഹസീന ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പാർട്ടി പ്രവർത്തകർ രംഗത്തിറങ്ങിയത്. ഇത് സംഘർഷം കൂടുതൽ വഷളാക്കി.

1971ലെ ബംഗ്ളാദേശ് വിമോചന സമരത്തിൽ രക്‌തസാക്ഷികളായവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലിയിൽ 30% സംവരണം ഏർപ്പെടുത്തണമെന്ന ഹൈക്കോടതി വിധിയെ തുടർന്നാണ് രാജ്യത്ത് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. ഇത് പിന്നീട് സർക്കാരിനെതിരെയുള്ള പ്രക്ഷോഭമായി മാറി. ബംഗ്ളാദേശിൽ സംഘർഷം വ്യാപിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ പൗരൻമാർക്ക് കേന്ദ്ര സർക്കാർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

Most Read| ടിം വാൾസ് യുഎസ് വൈസ് പ്രസിഡണ്ട് സ്‌ഥാനാർഥി; പ്രഖ്യാപിച്ച് കമലാ ഹാരിസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE