തിരുവനന്തപുരം : ഇന്ന് മുതൽ സംസ്‌ഥാനത്തെ ബാറുകൾ തുറന്നു പ്രവർത്തിക്കും. എന്നാൽ ബിയറും വൈനും പാഴ്‌സലായി മാത്രമേ നൽകുകയുള്ളൂ. മറ്റ് മദ്യങ്ങൾ വിതരണം ചെയ്യില്ലെന്നും ബാറുടമകൾ വ്യക്‌തമാക്കി.
ബിവറേജസ് കോർപറേഷൻ ബാറുകൾക്ക് നൽകിയിരുന്ന വെയർഹൗസ് മാർജിൻ കൂട്ടിയ സാഹചര്യത്തിൽ ബാറുടമകൾ പ്രതിഷേധത്തിൽ ആയിരുന്നു. തുടർന്ന് കഴിഞ്ഞ കുറെ ദിവസങ്ങളായി സംസ്‌ഥാനത്ത് ബാറുകൾ അടച്ചിട്ടിരിക്കുകയായിരുന്നു.
ബിയറിന്റേയും വൈനിന്റേയും വെയർഹൗസ് മാർജിൻ നേരത്തെ വർധിപ്പിച്ചിരുന്നില്ല. ഒപ്പം തന്നെ ബിയറിന്റെയും വൈനിന്റെയും കാലാവധി അവസാനിക്കാൻ പോകുന്ന സാഹചര്യത്തിലാണ് ബാറുടമകൾ പുതിയ തീരുമാനം എടുത്തത്. കാലാവധി കഴിഞ്ഞാൽ ഇവ ഉപയോഗ ശൂന്യമാകും. അതിനാലാണ് ഇപ്പോൾ ബാറുകൾ തുറന്ന് ബിയറും വൈനും പാഴ്‌സലായി നൽകാൻ തീരുമാനിച്ചത്.
കൂടാതെ ബിയറിന്റെയും വൈനിന്റെയും പുതിയ സ്‌റ്റോക്കെടുക്കാനും ബാറുടമകൾ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ മറ്റ് മദ്യങ്ങൾ വിൽക്കാൻ തയ്യാറല്ലെന്ന നിലപാടിൽ തന്നെ ഉറച്ച് നിൽക്കുകയാണ് ഉടമകൾ.
Read also : ഡെല്‍ഹി എയിംസില്‍ തീപിടുത്തം; ആളപായമില്ല