രണ്ടു പതിറ്റാണ്ടുകള്‍ക്ക് ശേഷം ബിജു മേനോനും മഞ്‌ജു വാര്യറും വെള്ളിത്തിരയിൽ വീണ്ടും ഒന്നിക്കുന്ന ചിത്രം ‘ലളിതം സുന്ദരം’ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തിറങ്ങി. ബിജു മേനോന് പിറന്നാൾ സമ്മാനമായാണ് ചിത്രത്തിന്റെ പോസ്‌റ്റര്‍ പുറത്തിറക്കിയത്. മഞ്‌ജുവിന്റെ സഹോദരനും നടനുമായ മധു വാര്യര്‍ ആണ് ചിത്രത്തിന്റെ സംവിധായകൻ. മധുവിന്റെ ആദ്യ സംവിധാന സംരംഭമാണിത്.
മഞ്‌ജു വര്യര്‍ തന്നെയാണ് ചിത്രത്തിന്റെ പോസ്‌റ്റര്‍ സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ‘ഞങ്ങളുടെ ചിത്രം ‘ലളിതം സുന്ദര’ത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പങ്കുവച്ചതില്‍ അതീവ സന്തോഷമുണ്ട്. നിങ്ങള്‍ വിനോദത്തില്‍ ചേരുന്നതുവരെ കാത്തിരിക്കാനാവില്ല!’, എന്ന കുറിപ്പോടെയാണ് താരം പ്രേക്ഷകർക്കായി പോസ്‌റ്റർ പങ്കുവെച്ചത്.
സെഞ്ച്വറി ഫിലിംസിന്റെ സഹകണത്തോടെ മഞ്‌ജു വാര്യര്‍ പ്രൊഡക്ഷന്‍സാണ് ‘ലളിതം സുന്ദരം’ നിര്‍മിക്കുന്നത്. പ്രമോദ് മോഹന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബിജിപാല്‍ സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ പി സുകുമാരനാണ്.
വണ്ടിപെരിയാര്‍, കുമളി, വാഗമണ്‍, എറണാകുളം എന്നിവിടങ്ങളിലായിട്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. സൈജു കുറുപ്പ്, രഘുനാഥ് പലേരി, അനു മോഹന്‍, രമ്യ നമ്പീശന്‍, സറീന വഹാബ്, ദീപ്‌തി സതി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
‘കണ്ണെഴുതി പൊട്ടുംതൊട്ട്’, ‘കൃഷ്‌ണ ഗുഡിയില്‍ ഒരു പ്രണയകാലത്ത്’ തുടങ്ങിയ ചിത്രങ്ങളിലാണ് ഇതിന് മുൻപ് മഞ്‌ജുവും ബിജു മേനോനും ഒന്നിച്ചിരുന്നത്. വർഷങ്ങൾക്കിപ്പുറം ഇരുവരും വീണ്ടും ഒന്നിക്കുന്നതിന്റെ ആഹ്ളാദത്തിലാണ് ആരാധകർ.
കഴിഞ്ഞ വര്‍ഷം ആദ്യമായിരുന്നു ‘ലളിതം സുന്ദരം’ ചിത്രീകരണം ആരംഭിച്ചിരുന്നത്. എന്നാല്‍ കോവിഡ് മൂലം ചിത്രീകരണം നീളുകയായിരുന്നു.
Most Read: നിപ്പ വൈറസ്: പ്രതിരോധം പ്രധാനം; അറിയേണ്ടതെല്ലാം