കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് മോഷ്‌ടിച്ച കേസിൽ രണ്ടുപേർ പിടിയിൽ. കൈവേലി കമ്പളച്ചോല ജെഎസ് ജീസുൻ (22), വാണിമേൽ കരികുളം നെടുവിലംകണ്ടി രാഹുൽ (18) എന്നിവരെയാണ് എലത്തൂർ പോലീസ് പിടികൂടിയത്. മെഡിക്കൽ കോളേജിൽ രോഗിയുമായി വന്ന വയനാട് സ്വദേശിയായ അഭിജിത്തിന്റെ ബൈക്ക് മോഷ്‌ടിച്ച സംഭവത്തിലാണ് ഇരുവരും അറസ്‌റ്റിലായത്.
എലത്തൂർ പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് ജീസുനും രാഹുലും പിടിയിലായത്. മോഷ്‌ടിച്ച ബൈക്കുമായി പോകവേ ഇന്നലെ പുലർച്ചെ തലക്കുളത്തൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിന് സമീപത്തുവെച്ചാണ് ഇരുവരും പിടിയിലായത്. തുടർന്ന് പരസ്‌പര വിരുദ്ധമായി സംസാരിച്ച ഇവരെ കൂടുതൽ ചോദ്യം ചെയ്‌തപ്പോഴാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് സമീപത്ത് നിന്നും ബൈക്ക് മോഷ്‌ടിച്ചതാണെന്ന് മനസിലായത്.
തുടർന്ന് വാഹനം കസ്‌റ്റഡിയിൽ എടുത്ത് പ്രതികൾക്കെതിരെ കേസ് എടുക്കുകയായിരുന്നു. കോഴിക്കോട് സിറ്റി കമ്മീഷണറുടെ നിർദ്ദേശപ്രകാരം കോഴിക്കോട് നഗരത്തിൽ രാത്രിയിൽ ഫ്ളയിങ് സ്‌ക്വാഡ് ശക്‌തമാക്കിയതിന്റെ ഭാഗമായി എലത്തൂർ പോലീസ് സ്‌റ്റേഷൻ പരിധിയിൽ സബ് ഇൻസ്‌പെക്‌ടർ രാജീവ്, സിവിൽ പോലീസ് ഓഫിസർ സന്തോഷ് എന്നിവർ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. അതേസമയം, വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പോലീസ് അറിയിച്ചു.
Most Read: ഖാദി ബോർഡിലേക്കില്ല, രാഷ്‌ട്രീയ ചരിത്രരചനയിൽ; ചെറിയാൻ ഫിലിപ്പ്