വയനാട് : സൗത്ത് വയനാട്ടിലെ മലനിരകളിൽ നടത്തിയ പക്ഷി സർവേയിൽ 156 തരം പക്ഷികളെ കണ്ടെത്തി. സൗത്ത് വയനാട് വനം ഡിവിഷനും ഹ്യൂം സെന്റർ ഫോർ എക്കോളജിയും ചേർന്നാണ് സർവേ നടത്തിയത്. സൗത്ത് വയനാട്ടിലെ വെള്ളരിമല, കട്ടിപ്പാറ, തൊള്ളായിരംമല, കാട്ടിമറ്റം, എളമ്പിലേരി മല, അരണമല, ചെമ്പ്രമല, കാർഗിൽ, ലക്കിടി, മണ്ടമല, അമ്പമല, വണ്ണാത്തിമല, കുറിച്യർമല, അട്ടമല എന്നിവിടങ്ങളിലാണ് 3 ദിവസം നീണ്ടുനിന്ന സർവേ നടത്തിയത്. 2007ന് ശേഷം ഇവിടെ നടത്തിയ സർവേ കൂടിയാണിത്.
വയനാടൻ മലനിരകളിൽ, സമുദ്രനിരപ്പിൽ നിന്ന് 6,000 അടി ഉയരത്തിൽ മാത്രം കാണുന്ന, വംശനാശ ഭീഷണി നേരിടുന്ന ബാണാസുര ചിലപ്പൻ പക്ഷിയുടെ ആവാസമേഖല കേന്ദ്രീകരിച്ചാണ് സർവേ നടത്തിയത്. ലോകത്ത് തന്നെ ഇവിടെ മാത്രമാണ് ഈ പക്ഷികളെ കാണാൻ കഴിയുന്നത്. 15 വ്യത്യസ്ത തരം പരുന്തുകളെയും 7 തരം മൂങ്ങകളെയും 11 തരം പാറ്റ പിടിയൻമാരെയും 8 തരം ചിലപ്പൻ പക്ഷികളെയും 7 തരം മരം കൊത്തികളെയും ഈ മേഖല കേന്ദ്രീകരിച്ചു നടത്തിയ സർവേയിൽ കണ്ടെത്താൻ കഴിഞ്ഞു.
കൂടാതെ പശ്ചിമഘട്ടത്തിൽ മാത്രം കാണുന്ന സ്ഥാനീയ പക്ഷികളിൽ 13 എണ്ണത്തെയും ആഗോള തലത്തിൽ വംശനാശ ഭീഷണി നേരിടുന്ന 2 പക്ഷികളെയും തെക്കൻ വയനാട്ടിലെ കാടുകളിൽ കണ്ടെത്തി. ഒപ്പം തന്നെ പുല്ലപ്പൻ എന്ന പക്ഷിയെ ആദ്യമായി മണ്ടമല ഭാഗത്തായി കണ്ടെത്തിയിട്ടുണ്ട്. ചെമ്പൻ ഏറിയൻ, ബോണല്ലി പരുന്ത്, വെള്ളിക്കണ്ണി പരുന്ത്, കിന്നരിപ്പരുന്ത് , കാക്ക മരംകൊത്തി, പാറ നിരങ്ങൻ, നെൽപ്പൊട്ടൻ എന്നിവയാണ് സർവേയിൽ കണ്ടെത്തിയ മറ്റ് പക്ഷികൾ. സൗത്ത് വയനാട് ഡിഎഫ്ഒ സി രജ്ഞിത് കുമാർ, ഹ്യൂം സെന്റർ ഫോർ ഇക്കോളജി ഡയറക്ടർ സികെ വിഷ്ണുദാസ് എന്നിവരാണ് സർവേക്ക് നേതൃത്വം നൽകിയത്.
Read also : ജില്ലയിലെ അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കും