ഇരിട്ടി: വന്യജീവികൾക്ക് ദാഹജലം ഉറപ്പു വരുത്താൻ വന്യജീവി സങ്കേതങ്ങളിൽ ബ്രഷ് വുഡ് തടയണകൾ പണിയുന്നു. ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങൾക്ക് ഉള്ളിലെ ചെറുതോടുകളിലായി 25 ബ്രഷ് വുഡ് തടയണകളാണ് പണിയുന്നത്.
ആറളം, കൊട്ടിയൂർ, വയനാട്, പീച്ചി, പറമ്പിക്കുളം, സൈലന്റ് വാലി എന്നീ വന്യജീവി സങ്കേതങ്ങൾ ഉൾപ്പെടുന്ന വൈൽഡ് ലൈഫ് പാലക്കാട് സർക്കിളിൽ 100 ബ്രഷ് വുഡ് തടയണകൾ പണിയുക എന്നതാണ് പദ്ധതി. ഇതിന്റെ ഒരു ഭാഗം മാത്രമാണ് ആറളത്തും കൊട്ടിയൂരുമായി പണിയുന്ന 25 തടയണകൾ.
ലോക വന ദിനത്തിൽ തുടങ്ങിയ നിർമ്മാണത്തിന്റെ ഭാഗമായി ഇതുവരെ ഇവിടെ 15 എണ്ണം പൂർത്തിയായി. പാഴ്‌മരങ്ങൾ, വള്ളികൾ, ഇലകൾ, പുഴം കല്ലുകൾ എന്നിങ്ങനെ സ്‌ഥലത്ത് ലഭ്യമായ പ്രകൃതി സൗഹൃദ വസ്‌തുക്കൾ ഉപയോഗപ്പെടുത്തിയാണ് ബ്രഷ് വുഡ് തടയണകളുടെ നിർമാണം.
ബാവലി പുഴയിൽ ചേർന്ന് പഴശ്ശി സംഭരണിയുടെ ഭാഗമാകുന്ന ചീങ്കണ്ണി പുഴയിലേക്ക് വെള്ളം ഒഴുകിയെത്തുന്ന ചെറുതോടുകളിലാണ് ബ്രഷ് വുഡ് തടയണകൾ പണിയുന്നത്. ഏതാനം ദിവസങ്ങൾക്ക് ഉള്ളിൽ 25 തടയണകളും പൂർത്തിയാക്കും. അധികമായി ഒരു ചെലവ് പോലും വരുത്താതെ ജീവനക്കാർ അധികം സമയം കണ്ടെത്തിയാണ് ഇവ പണിയുന്നത്.
ഇതിൽ വൈൽഡ് ലൈഫ് വാർഡൻ എ ഷജ്‌നയുടെ നേതൃത്വത്തിൽ 10 അംഗ വനിത ജീവനക്കാർ മാത്രം ചേർന്നും ഒരു തടയണ പൂർത്തിയാക്കി. അസിസ്‌റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ എൻ അനിൽകുമാർ, ഡപ്യൂട്ടി റേഞ്ചർ ജയേഷ് ജോസഫ് എന്നിവരും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു.
Read Also: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷെറീഫ് മരയ്‌ക്കാര്‍ പാര്‍ട്ടി വിട്ടു