ശ്രീനഗർ: വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്‌ഥാൻ സൈനികർ ഇന്ത്യൻ പോസ്‌റ്റുകൾക്ക് നേരെ പ്രകോപനമില്ലാതെ വെടിവെപ്പ് നടത്തി. ഏറ്റുമുട്ടലിൽ ഒരു അതിർത്തി രക്ഷാസേനാ ഉദ്യോഗസ്‌ഥന് പരിക്കേറ്റു. ജമ്മുവിലെ അഖ്‌നുർ മേഖലയിലാണ് വെടിവെപ്പ് നടന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊണ്ടിരിക്കെയാണ് ജമ്മുവിൽ വെടിവെപ്പ്.
ബിഎസ്എഫ് ജവാൻമാർ തിരിച്ചടിച്ചെങ്കിലും പാകിസ്‌ഥാൻ ഭാഗത്തെ ആളപായത്തെ കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ചൊവ്വാഴ്‌ച പുലർച്ചെ 2.35നായിരുന്നു സംഭവം. അതിർത്തിക്ക് അപ്പുറത്ത് അഖ്‌നുർ പ്രദേശത്ത് പ്രകോപനമില്ലാതെ വെടിവെപ്പ് ഉണ്ടായിരുന്നു.
2021 ഫെബ്രുവരി 25ന് ഇന്ത്യയും പാകിസ്‌ഥാനും വെടിനിർത്തൽ കരാർ പുതുക്കിയതിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തൽ ലംഘനങ്ങൾ വിരളമാണ്. കഴിഞ്ഞവർഷം രാംഗഡ് സെക്‌ടറിൽ പാകിസ്‌ഥാൻ നടത്തിയ വെടിവെപ്പിൽ ഒരു ബിഎസ്എഫ് ജവാൻ കൊല്ലപ്പെട്ടിരുന്നു. മൂന്നുഘട്ട നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ഈ മാസം 18ന് നടക്കാനിരിക്കെയാണ് കൃത്യം ഒരാഴ്‌ച മുൻപ് വെടിനിർത്തൽ കരാർ ലംഘനം.
Most Read| എംആർ അജിത് കുമാർ അവധി പിൻവലിച്ചതിൽ സർക്കാരിന് സമ്മർദ്ദം?