ആലപ്പുഴ: പുതുതായി ഒരു ഉറപ്പും ഇന്ന് ബസ് ഉടമകൾക്ക് നൽകിയിട്ടില്ലെന്നും, ബസ് ചാർജ് വർധനവ് നേരത്തെ അംഗീകരിച്ചതായിരുന്നുവെന്നും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ബസ് ഉടമകൾ അനാവശ്യമായി സമരത്തിലേക്ക് എടുത്ത് ചാടുകയായിരുന്നുവെന്നും സമരം കൊണ്ട് എന്ത് നേട്ടമാണ് ഉണ്ടായതെന്നും മന്ത്രി ചോദിച്ചു. ചാർജ് വർധനയിലടക്കം ഈ മാസം 30ന് എൽഡിഎഫ് ചർച്ച ചെയ്‌ത് തീരുമാനം എടുക്കും.
സമരം തുടങ്ങും മുൻപ് അവരോട് പറഞ്ഞതാണ് നിരക്കിൽ ഒരു തീരുമാനം ഉണ്ടാകുമെന്നത്. എന്നാൽ, ഇത് കേൾക്കാതെ ബസ് ഉടമകൾ സമരത്തിലേക്ക് ഇറങ്ങുകയായിരുന്നു. സമരം കൊണ്ട് ഒരു ഗുണവും ഉണ്ടായിട്ടില്ല. ഓട്ടോ-ടാക്‌സികൾ സമര രംഗത്തേക്ക് വന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബസ് ഉടമകൾ മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗത മന്ത്രിയുമായും ചർച്ച നടത്തിയതിന് പിന്നാലെയാണ് നാലാം ദിവസത്തിലേക്ക് കടന്ന ബസ് സമരം പിൻവലിച്ചത്.
യാത്രാനിരക്കിൽ വർധനവ് വരുത്തണമെന്ന ബസുടമകളുടെ ആവശ്യം നടപ്പാക്കുമെന്ന് കൂടിക്കാഴ്‌ചയിൽ മുഖ്യമന്ത്രി വാഗ്‌ദാനം നൽകിയെന്നും, എന്നാൽ എന്ന് മുതലാണ് വർധനയെന്ന കാര്യത്തിൽ തീരുമാനമായില്ലെന്നുമാണ് സർക്കാർ വൃത്തങ്ങൾ വ്യക്‌തമാക്കുന്നത്. ബസ് നിരക്ക് കൂട്ടാൻ തീരുമാനിച്ചതാണെന്നും ബുധനാഴ്‌ച അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി ആന്റണി രാജു വ്യക്‌തമാക്കി. കഴിഞ്ഞ 24ആം തീയതി മുതലാണ് സംസ്‌ഥാനത്ത് ടിക്കറ്റ് നിരക്ക് വർധന ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ സമരം ആരംഭിച്ചത്.
Most Read: എസ്എസ്എൽസി പരീക്ഷ: 4.27 ലക്ഷം വിദ്യാർഥികൾ, തയ്യാറെടുപ്പുകൾ പൂർത്തിയായി