മലപ്പുറം: ജില്ലയിലെ കാലിക്കറ്റ് സർവകലാശാല പാർക്ക് തുറക്കാൻ അനുമതിയില്ല. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ 17 മാസമായി പാർക്ക് അടഞ്ഞു കിടക്കുകയാണ്. കോവിഡിന്റെ ആദ്യ ഘട്ടത്തിലാണ് പാർക്കിലേക്കുള്ള ആളുകളുടെ പ്രവേശനം വിലക്കിയത്.
സംസ്‌ഥാനത്ത് നിലവിൽ മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. കോവിഡിന് മുൻപ് ഞായറാഴ്‌ചകളിൽ വൈകിട്ട് 4 മണി മുതൽ 7 മണി വരെയും, മറ്റുള്ള ദിവസങ്ങളിൽ വൈകിട്ട് 4 മണി മുതൽ 6 മണി വരെയുമാണ് പൊതുജനങ്ങൾക്ക് പ്രവേശനാനുമതി നൽകിയിരുന്നത്. കോവിഡ് വ്യാപനം വന്നതിന് ശേഷം തൊഴിലാളികൾക്ക് മാത്രമാണ് പാർക്കിൽ പ്രവേശനം അനുവദിക്കുന്നത്.
6 ഏക്കറിലായി നിലകൊള്ളുന്ന പാർക്ക് ലക്ഷങ്ങൾ ചിലവഴിച്ചാണ് എല്ലാ വർഷവും പരിപാലിക്കുന്നത്. മാൻ, ആമ, മുതല എന്നിവയുടെ മാതൃകകളും, പുൽത്തകിടി, പൂന്തോട്ടം, പക്ഷികൾ, ജലധാര, കളിയൂഞ്ഞാൽ തുടങ്ങിയവയും പാർക്കിന്റെ ആകർഷണങ്ങളാണ്. സംസ്‌ഥാനത്തെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കാൻ അനുമതി നൽകിയ സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പാർക്ക് തുറക്കാനും അനുമതി നൽകണമെന്ന ആവശ്യം ശക്‌തമാണ്.
Read also: ടിപിആർ 16.75 ശതമാനം; ജില്ലയിൽ സമ്പർക്ക വ്യാപനം കൂടുന്നുവെന്ന് ആരോഗ്യ വിഭാഗം