ചെള്ളുപനിയെ പ്രതിരോധിക്കാം; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

By Desk Reporter, Malabar News
Can prevent scrub typhus; Note these things
Representational Image
Ajwa Travels

സംസ്‌ഥാനത്ത് വീണ്ടും ചെള്ളുപനി റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ അതീവ ജാഗ്രതയോടെയുള്ള ഇടപെടലാണ് സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും ഭാഗത്തുനിന്ന് ഉണ്ടാവുന്നത്. ചെള്ളുപനിക്ക് എതിരായുള്ള ബോധവൽക്കരണവും മുൻകരുതൽ നടപടികളും ആരോഗ്യ വിഭാഗം സ്വീകരിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തിൽ ചെള്ളുപനിയുടെ ലക്ഷണങ്ങളും പ്രതിരോധ മാർഗങ്ങളും പരിശോധിക്കാം.

എന്താണ് ചെള്ളുപനി?

ഓറിയന്‍ഷ്യ സുസുഗാമുഷി എന്ന ബാക്‌ടീരിയ മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധിയാണ് ചെള്ളുപനി അഥവാ സ്‌ക്രബ് ടൈഫസ്. പ്രധാനമായും എലി, അണ്ണാന്‍, മുയല്‍ തുടങ്ങിയ കരണ്ടു തിന്നുന്ന ജീവികളിലാണ് ഈ രോഗാണുക്കള്‍ കാണപ്പെടുന്നത്. എന്നാല്‍ മൃഗങ്ങളില്‍ ഇത് രോഗമുണ്ടാക്കുന്നില്ല. ചെറു പ്രാണികളായ മൈറ്റുകളുടെ ലാര്‍വ ദശയായ ചിഗ്ഗര്‍ മൈറ്റുകള്‍ വഴിയാണ് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്.

Can prevent scrub typhus; Note these things
Representational Image

ലക്ഷണങ്ങള്‍?

ചിഗ്ഗര്‍ മൈറ്റ് കടിച്ച് 10 മുതല്‍ 12 ദിവസം കഴിയുമ്പോഴാണ് രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. ചിഗ്ഗര്‍ കടിച്ച ഭാഗം തുടക്കത്തില്‍ ഒരു ചെറിയ ചുവന്ന തടിച്ച പാടായി കാണുകയും പിന്നീട് കറുത്ത വ്രണമായി (എസ്‌കാര്‍) മാറുകയും ചെയ്യുന്നു.
കക്ഷം, കാലിന്റെ ഒടി, ജനനേന്ദ്രിയം, കഴുത്ത് തുടങ്ങിയ ശരീര ഭാഗങ്ങളിലാണ് സാധാരണയായി ഇത്തരം പാടുകള്‍ കാണാറ്.

  • വിറയലോടുകൂടിയ പനി
  • തലവേദന
  • കണ്ണ് ചുവക്കല്‍
  • കഴലവീക്കം
  • പേശീവേദന
  • വരണ്ട ചുമ

ചുരുക്കം ചിലരില്‍ തലച്ചോറിനെയും ഹൃദയത്തേയും ബാധിക്കുന്ന തരത്തിലുള്ള സങ്കീര്‍ണതകൾ ഉണ്ടാകാറുണ്ട്. അതിനാല്‍ രോഗലക്ഷണമുള്ളവര്‍ ഉടന്‍ തന്നെ വൈദ്യസേവനം തേടേണ്ടതാണ്.

Can prevent scrub typhus; Note these things
Representational Image

രോഗനിര്‍ണയം

സ്‌ക്രബ് ടൈഫസിന് ടൈഫോയ്‌ഡ്, എലിപ്പനി, ഡെങ്കിപ്പനി എന്നീ രോഗങ്ങളുടെ ലക്ഷണങ്ങളുമായി സാമ്യമുള്ളതിനാല്‍ രോഗനിര്‍ണയം പ്രയാസമാണ്. രോഗി വരുന്ന പ്രദേശത്തെ രോഗ സാധ്യത, തൊലിപ്പുറമെയുള്ള എസ്‌കാര്‍, രക്‌ത പരിശോധനാ ഫലം എന്നിവ രോഗനിര്‍ണയത്തിന് സഹായകരമാണ്. ഒരാഴ്‌ചയില്‍ നീണ്ടുനില്‍ക്കുന്ന പനിയാണെങ്കില്‍ ചെള്ളുപനിയല്ലെന്ന് ഉറപ്പ് വരുത്തണം. നേരത്തെ കണ്ടെത്തിയാല്‍ സ്‌ക്രബ് ടൈഫസിനെ ആന്റി ബയോട്ടിക് മരുന്നുകള്‍ ഉപയോഗിച്ച് ഫലപ്രദമായി ചികിൽസിക്കാൻ കഴിയും.

Can prevent scrub typhus; Note these things
Representational Image

രോഗ പ്രതിരോധ നിയന്ത്രണ മാര്‍ഗങ്ങള്‍

സ്‌ക്രബ് ടൈഫസ് പരത്തുന്ന ചിഗ്ഗര്‍ മൈറ്റുകളെ കീടനാശിനികള്‍ ഉപയോഗിച്ച് നിയന്ത്രിക്കാന്‍ കഴിയുന്നതാണ്. ഇതിനായി രോഗം സ്‌ഥിരീകരിച്ചാല്‍ ഉടന്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലോ, ആരോഗ്യ പ്രവര്‍ത്തകരെയോ അറിയിക്കുക.

പ്രതിരോധ മാര്‍ഗങ്ങള്‍

  • പുല്ലില്‍ കളിക്കുമ്പോഴും ജോലി ചെയ്യുമ്പോഴും ശരീരം മൂടത്തക്കവിധമുള്ള വസ്‌ത്രം ധരിക്കണം.
  • പുല്‍ നാമ്പുകളില്‍ നിന്നാണ് കൈകാലുകള്‍ വഴി ചിഗ്ഗര്‍ മൈറ്റുകള്‍ ശരീരത്തില്‍ പ്രവേശിക്കുന്നത്. അതിനാല്‍ കൈകാലുകള്‍ മറയുന്ന വസ്‌ത്രം ധരിക്കണം.
  • എലി നശീകരണ പ്രവര്‍ത്തനങ്ങള്‍, പുല്‍ച്ചെടികളും മറ്റും വെട്ടി പരിസരം വൃത്തിയാക്കല്‍ എന്നിവ പ്രധാനമാണ്.
  • ആഹാരാവശിഷ്‌ടങ്ങള്‍ വലിച്ചെറിയാതെ ശരിയായ രീതിയില്‍ സംസ്‌കരിക്കണം.
  • പുല്‍മേടുകളിലോ വനപ്രദേശത്തോ പോയി തിരിച്ച് വന്നതിനുശേഷം ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് ശരീരം നന്നായി തേച്ചുരച്ച് കഴുകണം. വസ്‌ത്രങ്ങളും കഴുകണം.
  • വസ്‌ത്രങ്ങള്‍ കഴുകി നിലത്തോ പുല്ലിലോ ഉണക്കുന്ന ശീലം ഒഴിവാക്കുക
  • രോഗസാധ്യതയുള്ള ഇടങ്ങളില്‍ ജോലി ചെയ്യുമ്പോള്‍ കയ്യുറയും കാലുറയും ധരിക്കുക.

Most Read:  ലീവ് കിട്ടിയില്ല; കൈക്കുഞ്ഞുമായി ജോലിക്കെത്തി വനിതാ കോൺസ്‌റ്റബിൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE