കാഞ്ഞങ്ങാട്: നിയന്ത്രണം വിട്ട കാർ വൈദ്യുത തൂണിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. ഹൊസ്‌ദുർഗിലെ മദനൻ (20), മോഹൻദാസ് (16) എന്നിവർക്കാണ് പരിക്കേറ്റത്. നീലേശ്വരം ഭാഗത്ത് നിന്ന് കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്ന കാർ കാഞ്ഞങ്ങാട് സൗത്ത് ദേശീയപാത കവലക്ക് സമീപമാണ് അപകടത്തിൽ പെട്ടത്. ഡിവൈഡറിൽ തട്ടി നിയന്ത്രണം വിട്ട് സമീപത്തെ വൈദ്യുത തൂണിലും ഇടിച്ച ശേഷം അടുത്ത പറമ്പിൽ ചെന്നാണ് കാർ നിന്നത്. ചൊവ്വാഴ്‌ച പുലർച്ചെ മൂന്നരയോടെ ആയിരുന്നു സംഭവം.
ഇടിയുടെ ആഘാതത്തിൽ വാഹനം ഓടിച്ചിരുന്ന മദനൻ പുറത്തേക്ക് തെറിച്ചുവീണു. കാറിനുള്ളിൽ കുടുങ്ങിയ മോഹൻദാസിനെ അഗ്‌നിശമന സേനയെത്തിയാണ് രക്ഷപെടുത്തിയത്. ഹൈഡ്രോളിക് കട്ടിങ് യന്ത്രം ഉപയോഗിച്ച് കാറിന്റെ ഭാഗങ്ങൾ മുറിച്ച് മാറ്റിയാണ് രക്ഷാ പ്രവർത്തനം നടത്തിയത്. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി.
Also Read: മഞ്ചേശ്വരത്ത് റെക്കോർഡ് പോളിംഗ്; പ്രതീക്ഷയോടെ മുന്നണികൾ