തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ മുൻ എംഎൽഎ പിസി ജോർജിനെതിരെ പോലീസ് കേസെടുത്തു. സ്‌ത്രീത്വത്തെ അപമാനിച്ചതിന് ഐപിസി 509 വകുപ്പ് പ്രകാരം മ്യൂസിയം പോലീസാണ് കേസെടുത്തത്. മൂന്നു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പിസി ജോര്‍ജിനെതിരെ ചുമത്തിയത്.
പീഡന പരാതിയില്‍ അറസ്‌റ്റ് ചെയ്‌തതിന് ശേഷം തൈക്കാട് ഗസ്‌റ്റ് ഹൗസിന് മുന്നില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് പിസി ജോര്‍ജ് മാദ്ധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയത്. പീഡന പരാതി നൽകിയ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയത് ചോദ്യം ചെയ്‌തപ്പോഴാണ് കൈരളി ടിവി റിപ്പോർട്ടർക്കെതിരെ പിസി ജോർജ് വിവാദ പരാമർശം നടത്തിയത്.
പരാതിക്കാരിയുടെ പേര് പറയുന്നത് ശെരിയാണോ എന്ന മാദ്ധ്യമ പ്രവർത്തകയുടെ ചോദ്യത്തിന് ‘എന്നാപ്പിന്നെ നിങ്ങളുടെ പേര് പറയാം’ എന്നായിരുന്നു പിസി ജോർജ് പ്രതികരിച്ചത്. തുടർന്ന് ഈ പ്രതികരണം മര്യാദയല്ലെന്ന് മാദ്ധ്യമ പ്രവർത്തകർ പറഞ്ഞപ്പോൾ ‘മര്യാദയല്ലെങ്കിൽ മര്യാദകേട്, തീർന്നല്ലോ’ എന്ന മറുപടിയും പിസി നൽകി. ഇതിന് പിന്നാലെയാണ് മാദ്ധ്യമ പ്രവർത്തക പിസി ജോർജിനെതിരെ പരാതി നൽകിയത്.
Read also: സ്വാതന്ത്ര്യദിന പരേഡിനിടെ വെടിവെപ്പ്; അമേരിക്കയിൽ 22കാരൻ അറസ്‌റ്റിൽ