കഠിന ചൂടിനെ കരുതലോടെ നേരിടാന്‍ ജാഗ്രതാ നിർദ്ദേശം

By News Desk, Malabar News
temperature rising kerala
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. തിരഞ്ഞെടുപ്പ് കാലമായതിനാല്‍ പൊതുപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ള എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണി വരെ നേരിട്ടുള്ള വെയില്‍ കൊള്ളുന്നത് ഒഴിവാക്കേണ്ടതാണ്. നേരിട്ടുള്ള സൂര്യ പ്രകാശം ഏല്‍ക്കാതിരിക്കാന്‍ കുടയോ, തൊപ്പിയോ ഉപയോഗിക്കാം.

ചൂട് കാലമായതിനാല്‍ ദാഹമില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കണം. അല്ലെങ്കില്‍ നിര്‍ജലീകരണം മൂലം വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍, കുട്ടികള്‍, ഹൃദ്രോഗം തുടങ്ങിയ രോഗമുള്ളവര്‍, കഠിന ജോലികള്‍ ചെയ്യുന്നവര്‍ എന്നിവര്‍ക്ക് പ്രത്യേക കരുതലും സംരക്ഷണവും ആവശ്യമാണ്. കുടിക്കുന്നത് ശുദ്ധജലമാണെന്ന് ഉറപ്പാക്കണം. എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ട് തോന്നിയാല്‍ ഉടന്‍ ചികിൽസ തേടേണ്ടതാണ്.

എന്താണ് സൂര്യാഘാതം?

അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകുകയും ഇതുമൂലം ശരീരത്തില്‍ ഉണ്ടാകുന്ന താപം പുറത്ത് കളയുന്നതിന് തടസം നേരിടുകയും ചെയ്യും. ഇത് ശരീരത്തിന്റെ പല നിര്‍ണായക പ്രവര്‍ത്തനങ്ങളേയും തകരാറിലാക്കും. ഈ അവസ്‌ഥയാണ് സൂര്യാഘാതം.

ലക്ഷണങ്ങള്‍

വളരെ ഉയര്‍ന്ന ശരീരതാപം, വറ്റിവരണ്ട ചുവന്ന ചൂടായ ശരീരം, ശക്‌തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസിക അവസ്‌ഥയില്‍ ഉള്ള മാറ്റങ്ങള്‍ എന്നിവയോടൊപ്പം ചിലപ്പോള്‍ അബോധാവസ്‌ഥയും കാണപ്പെടാം. ഈ ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ഡോക്‌ടറുടെ സേവനം ഉടനടി ലഭ്യമാക്കേണ്ടതാണ്.

എന്താണ് സൂര്യതാപം?

സൂര്യാഘാതത്തെക്കാള്‍ കുറച്ചുകൂടി കാഠിന്യം കുറഞ്ഞ അവസ്‌ഥയാണ് സൂര്യതാപം. കൂടുതല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്നവരില്‍ നേരിട്ട് വെയില്‍ ഏല്‍ക്കുന്ന ശരീരഭാഗങ്ങള്‍ സൂര്യാതപമേറ്റ് ചുവന്നു തടിക്കുകയും വേദനയും പൊള്ളലും ഉണ്ടാവുകയും ചെയ്യാം. ഇവര്‍ ഉടനടി ചികിൽസ തേടേണ്ടതാണ്. പൊള്ളലേല്‍ക്കുന്ന ഭാഗത്തുണ്ടാകുന്ന കുമിളകള്‍ പൊട്ടിക്കാന്‍ പാടില്ല.

ലക്ഷണങ്ങള്‍

ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ഓക്കാനവും ഛര്‍ദ്ദിയും, അസാധാരണമായ വിയര്‍പ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറയുകയും കടും മഞ്ഞനിറം ആവുകയും ചെയ്യുക, ബോധക്ഷയം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

സൂര്യാഘാതമേറ്റു എന്ന് തോന്നിയാല്‍ ഉടനടി സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍

  • സൂര്യാഘാതം, സൂര്യാതാപം എന്നിവയേറ്റതായി സംശയം തോന്നിയാല്‍ വെയിലുള്ള സ്‌ഥലത്തുനിന്ന് തണുത്ത സ്‌ഥലത്തേക്ക് മാറി വിശ്രമിക്കണം.
  • ധരിച്ചിരിക്കുന്ന കട്ടി കൂടിയ വസ്‌ത്രങ്ങള്‍ നീക്കുക.
  • തണുത്ത വെള്ളം കൊണ്ട് മുഖവും ശരീരവും തുടക്കുക
  • ഫാന്‍, എസി അല്ലെങ്കില്‍ വിശറി എന്നിവയുടെ സഹായത്താല്‍ ശരീരം തണുപ്പിക്കുക
  • ധാരാളം പാനീയങ്ങള്‍ കുടിക്കാന്‍ നല്‍കണം
  • ഫലങ്ങളും സാലഡുകളും കഴിക്കുവാന്‍ നല്‍കുക
  • ആരോഗ്യസ്‌ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ ബോധക്ഷയം ഉണ്ടാവുകയോ ചെയ്‌താൽ ഉടനടി അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിൽസ ലഭ്യമാക്കേണ്ടതാണ്.

പ്രതിരോധമാര്‍ഗങ്ങള്‍

  • വേനല്‍ക്കാലത്ത് പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോള്‍ ദാഹം തോന്നിയില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കുക. കുടിക്കുന്ന വെള്ളം ശുദ്ധജലമാണെന്ന് ഉറപ്പുവരുത്തണം. ധാരാളം വിയര്‍ക്കുന്നവര്‍ ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം എന്നിവ ധാരാളമായി കുടിക്കുക.
  • വെള്ളം ധാരാളം അടങ്ങിയിട്ടുള്ള തണ്ണിമത്തന്‍, ഓറഞ്ച് മുതലായ പഴങ്ങളും പച്ചക്കറി സാലഡുകളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ശരീരം മുഴുവന്‍ മൂടുന്ന അയഞ്ഞ പരുത്തി വസ്‌ത്രങ്ങള്‍ ധരിക്കുക.
  • വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളില്‍ ഉച്ചയ്ക്ക് 11 മണി മുതല്‍ 3 മണി വരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കുക.
  • കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക.
  • കാറ്റ് കടന്ന് ചൂട് പുറത്ത് പോകത്തക്ക രീതിയില്‍ വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക.
  • വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന കാറിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കുക.
  • കുട്ടികളെയും, പ്രായമായവരെയും, ഗര്‍ഭിണികളെയും, ഹൃദ്രോഗം മുതലായ ഗുരുതര രോഗം ഉള്ളവരെയും പ്രത്യേകം ശ്രദ്ധിക്കുക. ഇവര്‍ക്ക് ചെറിയ രീതിയില്‍ സൂര്യാഘാതം ഏറ്റാല്‍ പോലും ഗുരുതരമായ സങ്കീര്‍ണതകള്‍ ഉണ്ടാകാം.
  • കൂടാതെ വെള്ളം കുറച്ചു കുടിക്കുന്നവര്‍, വെയിലത്ത് ജോലി ചെയ്യുന്നവര്‍, പോഷകാഹാര കുറവുള്ളവര്‍, തെരുവുകളിലും തുറസായ സ്‌ഥലങ്ങളിലും താല്‍ക്കാലിക പാര്‍പ്പിടങ്ങളും താമസിക്കുന്ന അഗതികള്‍, കൂടുതല്‍ സമയം പുറത്ത് ജോലി ചെയ്യുന്ന അന്യസംസ്‌ഥാന തൊഴിലാളികള്‍, മദ്യപാനികള്‍ എന്നിവരും അപകടസാധ്യത കൂടിയവരില്‍ ഉള്‍പ്പെടുന്നു. ഇത്തരക്കാരില്‍ സൂര്യാഘാതത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമാകുന്നു എങ്കില്‍ ഉടന്‍ തന്നെ ചികിൽസ തേടേണ്ടതാണ്.

Also Read: നടിയെ ആക്രമിച്ച കേസ്; വിചാരണക്ക് ആറു മാസം കൂടി സമയം വേണമെന്ന് ജഡ്‌ജി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE